
ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭയുടെ ഉപരിസഭയായ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വാരണാസിയില്‍ നിന്നുള്ള രണ്ടു സീറ്റുകളും ബി.ജെ.പി.ക്കു നഷ്ടമായി. 11 സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നാലും സമാജ്വാദി പാര്‍ട്ടി മൂന്നും സീറ്റുകള്‍ വീതം നേടി. ഇനി രണ്ടു മണ്ഡലങ്ങളിലെകൂടി ഫലമാണ് വരാനുള്ളത്.
ചൊവ്വാഴ്ചയാണ് യു.പി. കൗണ്‍സിലിലെ 11 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ നടന്നത്. ആകെ 199 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം മണ്ഡലമായ വാരണാസിയില്‍ നിന്നുള്ള രണ്ടു സീറ്റിലും ഇത്തവണ ബി.ജെ.പി. പരാജയപ്പെട്ടു. പത്തു വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ഈ മണ്ഡലങ്ങള്‍ ബി.ജെ.പി.ക്കു നഷ്ടമാകുന്നത്. ഈ സീറ്റുകള്‍ നേടിയിരിക്കുന്നത് സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളാണ്.
മോദിയുടെ സ്വന്തം മണ്ഡലമായ വാരണാസിയിലെ പരാജയം തിരിച്ചടിയായി കരുതുകയാണ് ബി.ജെ.പി. നേതൃത്വം. ഇത് വലിയ വിജയമാണെന്ന് സമാജ്വാദി പാര്‍ട്ടി വക്താക്കള്‍ പറയുന്നു.
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കെജ്രിവാളിനെതിരെ 36 ശതമാനം വോട്ടുകലുടേയും സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ 45 ശതമാനം വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് നരേന്ദ്ര മോദി വാരണാസിയില്‍ നിന്ന് ജയിച്ചത്. മോദിക്കു മുന്‍പ് വാരണാസിയില്‍ നിന്നു ലോക്സഭയിലേക്കെത്തിയ ബി.ജെ.പി. നേതാവ് മുരളീ മനോഹര്‍ ജോഷിയാണ്.






