
കോഴിക്കോട് പാലാഴിയിലെ മൂസാക്കായ് സീഫ്രഷ് മീന്കടയിലെത്തുന്നവര്ക്ക് മീന്‍ എടുത്ത് നല്‍കിയും കുശലം ചോദിച്ചും നടക്കുകയാണ് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ ഒരു താരം. എം. 80 മൂസയിലെ മീന്കാരന് മൂസയല്ലേ ഇതെന്ന് സംശയിക്കുന്നവര്‍ക്ക് തെറ്റിയിട്ടില്ല. മിനിസ്ക്രീനിലെ മീന്കാരന് കോഴിക്കോട് അങ്ങാടിയിലെ ഒറിജിനല്‍ മീന്‍കാരനായി മാറിയതിന് കാരണം കൊറോണ എന്ന വില്ലന്‍തന്നെ. ഈ പ്രതിസന്ധിയ്ക്ക് മുന്നില്‍ ഇനി മുട്ടുമടക്കില്ലെന്ന് തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണ് നടന് വിനോദ് കോവൂര്‍.
മൂസാക്കായ് സീ ഫ്രഷ്
കോവിഡും ലോക്ക് ഡൗണും വന്നതോടെ ഇത്രയും കാലം സ്റ്റേജ്ഷോകളും സിനിമകളും കോമഡി പ്രോഗ്രാമുകളുമൊക്കെയായി ജീവിച്ചു പോന്നിരുന്ന എന്റെ കാര്യം വലിയ പ്രതിസന്ധിയിലായി. കഴിഞ്ഞ ഏഴുമാസമായി ഒരുവരുമാനവുമില്ലാതെ ജീവിക്കേണ്ട അവസ്ഥ വന്നു. സാധാരണ ഏപ്രില്‍മെയ് മാസങ്ങളിലൊക്കെ എന്നെപ്പോലെയുള്ള കലാകാരന്മാര് വിദേശഷോകളുമൊക്കെയായി സാമ്പത്തികമായി നേട്ടമുണ്ടാക്കുന്ന സമയമായിരുന്നു. പക്ഷേ ഈ വര്‍ഷം ഒന്നും ചെയ്യാതെ വീട്ടിലിരിക്കേണ്ടി വന്നു.
ഇതെന്റെ കാര്യം മാത്രമല്ല, കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന കുടുതല്‍ സമ്പാദ്യമൊന്നുമില്ലാത്ത കലാകാരന്മാരെല്ലാം കടുത്ത സാമ്പത്തിക പ്രശ്നത്തിലൂടെയാണ് കടന്നുപോകുന്നത്.
ഞങ്ങളില്‍ പലരും കൃഷിയിലും കാലി വളര്‍ത്തലിലും ഓണ്‍ലൈന്‍ ബിസിനസിലുമെല്ലാം കൈവച്ചു. കോവിഡ് മാറി മനുഷ്യ ജീവിതം എന്നാണ് പഴയപടിയാകുക എന്നും ഇനി എങ്ങനെ ജീവിക്കുമെന്നുമുള്ള ചിന്ത എന്നെയും വല്ലാതെ അലട്ടിയിരുന്നു. അപ്പോഴാണ് സുഹൃത്തുക്കളില്‍ ചിലര്‍ മീന്‍കാരനായി അഭിനയിച്ച് തകര്‍ത്തല്ലോ. ജീവിതത്തിലും ആ റോള്‍ ചെയ്തുകൂടെ എന്ന് പറയുന്നത്. അവരത് തമാശയ്ക്കു പറഞ്ഞതാണെങ്കിലും ആലോചിച്ചപ്പോള്‍ സംഗതി കൊള്ളാമെന്ന് തോന്നി, മീന്കച്ചവടത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ലാഭമുള്ള ബിസിനസാണെന്ന് തോന്നി.
അങ്ങനെ മീന്‍കച്ചവടത്തിനായി കോഴിക്കോട് പറ്റിയ ഒരു സ്ഥലമൊക്കെ നോക്കി നടക്കുന്നതിന് ഇടയിലാണ് അഞ്ച് യുവാക്കള്‍ എന്നെ സമീപിക്കുന്നത്. അവരെല്ലാം ഐ.ടി പ്രൊഫഷണലുകളാണ്. അവര്‍ കോഴിക്കോട് തുടങ്ങാന്‍ പോകുന്ന പുതിയ ഷോപ്പിന്റെ ഉദ്ഘാടനത്തിനും പരസ്യത്തിനും വേണ്ടിയാണ് എന്റെ അടുത്ത് വന്നത്. അപ്പോള്‍ ഞാന്‍ അവരോട് പറഞ്ഞു, നിങ്ങള്‍ പുതിയ കട തുടങ്ങുകയാണോ, ഞാന്‍ ഒരെണ്ണം തുടങ്ങാനുള്ള ആലോചനയിലാണ്, അപ്പോള്‍ അവര്‍ പറഞ്ഞു, നിങ്ങള്‍ക്ക് ഞങ്ങളുടെ കൂടെ നിന്നുകൂടെ എന്ന്. അങ്ങനെയാണ് ഞാന്‍ അവര്‍ക്കൊപ്പം ചേരുന്നതും മൂസാക്കായ് സീഫ്രഷിന് തുടക്കമാകുന്നതും. കോഴിക്കോട് പാലാഴിയിലാണ് ഷോപ്പ്. ഷോപ്പിന്റെ പാര്‍ട്ണര്‍മാരിലൊരാള്‍ ഇന്റീരിയര്‍ ഡിസൈനറായതുകൊണ്ട് വളരെ മനോഹരമായാണ് കട നിര്‍മ്മിച്ചിരിക്കുന്നത്. കടയ്ക്കുള്ളില്‍ കയറിയാലേ മീന്കടയാണെന്ന് മനസിലാകൂ. ഏറ്റവും വൃത്തിയുള്ള അന്തരീക്ഷവുമാണിവിടെ.
ദേ മൂസാക്ക മീന്‍കടയില്‍
ആളുകളുടെ സംതൃപ്തിയാണ് ഞങ്ങള്‍ക്ക് വലുത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള മീന്‍ ഞങ്ങള്‍ എടുക്കുന്നില്ല. ബേപ്പൂര്‍, ചാലിയം എന്നിവിടങ്ങളിലെ ഹാര്‍ബറുകളില്‍ നിന്ന് നേരിട്ടാണ് കൊണ്ടുവരുന്നത്. അതുകൊണ്ടു തന്നെ നല്ല ഫ്രഷ് മീനാണ്. മാത്രവുമല്ല താരതമ്യേന വിലയും കുറവായിരിക്കും. അവിടെ ലഭ്യമായ എല്ലാത്തരം മീനുകളും നല്‍കുന്നുണ്ട്.
ഓണ്‍ലൈന്‍ കച്ചവടവുമുണ്ട്. മൂസാക്കായ് സീഫ്രഷ് എന്നൊരു ആപ്പുമുണ്ട്. അത് ഡൗണ്‍ലോഡ് ചെയ്താല്‍ മീന്‍ ബുക്ക് ചെയ്യാം. 5 കിലോമീറ്ററിനുള്ളില്‍ മീന്‍ എത്തിച്ചു നല്‍കും. ആവശ്യക്കാര്‍ക്ക് വേണമെങ്കില്‍ നേരിട്ട് പൊരിച്ചെടുക്കാവുന്ന രീതിയില്‍ മസാല പുരട്ടിയും മീന്‍ നല്‍കും.
മീന്‍കട തുടങ്ങി ആദ്യത്തെ ആറുദിവസം ഞാനും കടയില്‍ ഉണ്ടായിരുന്നു. പിന്നീട് ഷൂട്ടിന് പോയി. ഇടയ്ക്കൊരു ബ്രേക്ക് കിട്ടുമ്പോള്‍ കോഴിക്കോട്ടേയ്ക്ക് വരും. ഞാനിവിടെ വരുമ്പോള്‍ എന്നെ കാണാനും ഒപ്പം സെല്‍ഫിയെടുക്കാനും ഒരുപാട് പേര് വരാറുണ്ട്. സോഷ്യല്‍ മീഡിയയിലൊക്കെ കണ്ട് നിരവധിപേരാണ് ഫ്രാഞ്ചൈസി തുടങ്ങാന്‍ താല്പര്യം അറിയിക്കുന്നത്. ഗള്‍ഫില്‍ നിന്നുപോലും ഫ്രാഞ്ചൈസികള്‍ക്കായി വിളിക്കുന്നുണ്ട്.
പ്രതിസന്ധിയിലായ ജീവിതം
10 വര്‍ഷമായി തുടര്‍ച്ചയായി വിദേശ ഷോകള്‍ ചെയ്യുന്ന കലാകാരനാണ് ഞാന്‍. ഏപ്രില്‍ മെയ് എന്നീ രണ്ടു മാസം കൊണ്ട് ഏകദേശം അഞ്ചാറ് ഷോകളുണ്ടാകും. നല്ലൊരു വരുമാനം കിട്ടുമെന്നതുകൊണ്ടുതന്നെ മനസ് നിറഞ്ഞാണ് ഷോ കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചു വരുന്നത്. പണം അനാവശ്യമായി ചെലവാക്കാതെ കിട്ടുന്നത് സമ്പാദിക്കുന്ന ആളാണ് ഞാന്‍.
എന്റെ പരിചയത്തിലുള്ളവരില്‍ പലരും കഷ്ടപ്പെടുന്നതു കണ്ടിട്ട് എന്നാല്‍ കഴിയുംവിധം അവരെ സാമ്പത്തികമായി സഹായിച്ചു. പലരുടെയും അവസ്ഥ കണ്ടപ്പോഴാണ് കലാകാരന്മാരുടെ ദുരിത ജീവിതം മറ്റുള്ളവരും അറിയണമെന്ന് വിചാരിച്ചതും ആര്‍ട്ടിസ്റ്റ് എന്ന ഷോര്‍ട്ട് ഫിലിം ചെയ്യുന്നതും.
അപ്രതീക്ഷിത തീരുമാനം
ബിസിനസ് ഒരിക്കലും എനിക്ക് വഴങ്ങില്ല എന്ന് വ്യക്തമായറിയാം. ഒരു ഗവണ്മെന്റ് പ്രോജക്ടില്‍ ഏഴ് വര്‍ഷം ജോലി ചെയ്തിട്ട് അവിടെ സ്ഥിരമാക്കാമെന്ന് പറഞ്ഞപ്പോള്‍ ആ ജോലി ഇട്ടിട്ട് പോന്ന ആളാണ് ഞാന്‍. ഇനിയൊരു ജന്മമുണ്ടെങ്കിലും കലാകാരനാവണമെന്നാണ് ആഗ്രഹം.
എന്നിട്ടും ഞാനൊരു ബിസിനസുകാരനായത് നിലനില്‍പ്പിന് വേണ്ടിയാണ്. മീന്‍ കച്ചവടം വിജയിക്കുമോ, നാണക്കേടാണോ, എന്നൊന്നും ചിന്തിച്ചില്ല. മറ്റുള്ളവര്‍ അങ്ങനെ സംശയിച്ചപ്പോഴും ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്ന വാശിയിലായിരുന്നു ഞാന്‍.
അതിജീവനം
ആഗ്രഹിച്ചത് കയ്യെത്തിപ്പിടിയ്ക്കാനുള്ള ശ്രമങ്ങളൊക്കെ പരാജയപ്പെട്ടേക്കാം. എന്നാലും ശ്രമിക്കാതിരിക്കരുത് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. മോട്ടിവേഷന്‍ സ്പീക്കര്‍ എന്ന് നിലയില്‍ ഒരുപാട് ക്ലാസുകളെടുത്തിട്ടുണ്ട്. ഒപ്പമൊരു സോഷ്യല്‍ വര്‍ക്കറുമാണ്. പ്രതിസന്ധികളിലൊരിക്കല് പോലും പതറിയിട്ടില്ല. എനിക്കൊരു കാലം വരും എന്ന് മനസ് പറഞ്ഞു. ആ വിശ്വാസത്തിലാണ് മുന്നോട്ട് പോയത്. എം. 80 മൂസ, മറിമായം എന്നീ പ്രോഗ്രാമുകള്‍ ശ്രദ്ധിക്കപ്പെട്ടതോടെയാണ് ആളുകള്‍ എന്നെ തിരിച്ചറിഞ്ഞു തുടങ്ങിയത്. ഇപ്പോള്‍ സിനിമയില്‍ നിന്നും ഓഫറുകള്‍ വരുന്നു. ചായംപൂശുകാര് എന്ന സിനിമയില്‍ പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞു. കുഞ്ചാക്കോ ബോബന് നായകനായ ചിത്രത്തിലും നല്ലൊരു വേഷമുണ്ട്.
മറിമായം മൊയ്തു
ഒന്‍പത് വര്‍ഷമായി മറിമായത്തില്‍ മൊയ്തുവായി ജീവിക്കുകയാണ്. മറിമായത്തിന് ലോകം മുഴുവന്‍ ആരാധകരുണ്ട്. അമേരിക്കയില്‍ പ്രോഗ്രാമിന് പോയപ്പോള്‍ കാണാന്‍ വന്ന മലയാളികളില്‍ പലരും പറഞ്ഞത് മറിമായം അവരുടെ ടെന്‍ഷന്‍ ഫ്രീ ക്യാപ്സൂള്‍ ആണെന്നാണ്.
മറിമായത്തില്‍ ആദ്യം സെലക്ട് ചെയ്തത് എന്നെയാണ്, ബാക്കിയുള്ളവരൊക്കെ പിന്നീട് വന്നു ചേര്‍ന്നു. 11 സംസ്ഥാന അവാര്‍ഡുകള്‍ നേടി ഇന്നും മികച്ച രീതിയില്‍ ആ പ്രോഗ്രാം മുന്നോട്ട് പോകുന്നതിന്റെ കാരണം ടീം വര്‍ക്കാണ്. റിയലിസ്റ്റിക്കായി അഭിനയിക്കുന്നവരാണ് ടീം അംഗങ്ങളെല്ലാം. പലപ്പോഴും സ്ക്രിപ്റ്റ് ഉണ്ടാവില്ല, പരസ്പരം സഹകരിച്ചും സപ്പോര്‍ട്ടു ചെയ്തുമാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്. മാസത്തില്‍ ആറ് ദിവസം മറിമായത്തിന്റെ ഷൂട്ടിന് വേണ്ടി വന്നു നില്ക്കുമ്പോള് കിട്ടുന്ന സുഖം പറഞ്ഞറിയിക്കാനാവില്ല.
ഷോര്‍ട്ട്ഫിലിം
അഭിനയവും സംഗീതവും എനിക്കെന്നും ലഹരിയാണ്. എം 80 മൂസയിലും മറിമായത്തിലും മുസ്ലീം വേഷങ്ങള്‍ ചെയ്തതുകൊണ്ട് അത്തരം കഥാപാത്രങ്ങളില്‍ ഒതുങ്ങിപ്പോവുകയായിരുന്നു. ഏത് വേഷവും അഭിനയിക്കാമെന്ന ആത്മവിശ്വാസം എനിക്കുണ്ട്.
സീരിയസ് വേഷങ്ങളും ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കാനായിരുന്നു ഷോര്‍ട്ട്ഫിലിമുകള്‍ സംവിധാനം ചെയ്ത് അഭിനയിച്ചത്. ആകസ്മികം,കൂട്ട്, പ്രവാസിയുടെ മനസ്, ആര്‍ട്ടിസ്റ്റ് എന്നീ നാല് ഷോര്‍ട്ട്ഫിലിമിലും ചെയ്ത വേഷങ്ങള്‍ വ്യത്യസ്തമാണ്. അതൊക്കെ കണ്ടശേഷം പല സംവിധായകരും നല്ല വേഷങ്ങള്‍ തരുന്നുണ്ട്. മൊയ്തുവിന്റെയും മൂസയുടെയും ചട്ടക്കൂടുകള്‍ പൊളിച്ച് പുറത്ത് വരണമെന്നും നല്ല വേഷങ്ങള്‍ ചെയ്യണമെന്നുമാണ് ആഗ്രഹം.
ആകസ്മികം എന്ന ഷോര്‍ട്ട്ഫിലിം ആദ്യം കാണുന്നത് മമ്മൂക്കയാണ്. യൂട്യൂബുള്ളവര് മാത്രമല്ല നമ്മുടെ നാട്ടിലെ ഓരോ പെണ്‍കുട്ടികളും ആ ഷോര്‍ട്ട്ഫിലിം കാണണം, അതിനുള്ള അവസരമുണ്ടാക്കണമെന്നും മമ്മൂക്ക പറഞ്ഞു. അങ്ങനെയാണ് കേരളത്തിലെ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്ഥാപനങ്ങളില്‍ ആ ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിച്ചത്. ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് മമ്മൂക്ക എന്നോട് പറയാറുണ്ട്. പക്ഷേ എനിയ്ക്ക് അഭിനയിക്കാനാണ് താല്പര്യം.
മുന്നോട്ട് നയിച്ച കുഞ്ഞുണ്ണി മാഷ്
കലാകാരനായതില്‍ ഏറ്റവും കൂടുതല്‍ കടപ്പാടുള്ളത് കുഞ്ഞുണ്ണി മാഷിനോടാണ്. ഞാനേറെ ആരാധിച്ച വ്യക്തിത്വമാണ് അദ്ദേഹം. ഒരു അധ്യാപകനാകരുത്, പരിശീലകനായിക്കൊള്ളൂ, ഒപ്പം കലയെ കൈവിടരുത്. അതാണ് തന്റെ തട്ടകം എന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു.
മുമ്പ് സ്കൂള്‍ കുട്ടികള്‍ക്കായി ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രോഗ്രാം ചെയ്യുന്ന സമയത്താണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്. ഒരിക്കല്‍ തൃശ്ശൂര്‍ തലപ്പാട് സ്കൂളില്‍ പ്രോഗ്രാമിനായി ചെന്നു. അവിടെയെത്തിയപ്പോഴാണ് അറിയുന്നത് കുഞ്ഞുണ്ണിമാഷിന്റെ നാടാണതെന്നും അദ്ദേഹമാണ് സ്കൂളിലെ പ്രോഗ്രാമിന് ഉദ്ഘാടകനായി എത്തുന്നതെന്നും. ഉദ്ഘാടനശേഷം അദ്ദേഹം എന്റെ പ്രോഗ്രാം കാണാനായി കുട്ടികള്‍ക്കൊപ്പം ഇരുന്നു. പ്രോഗ്രാം കഴിഞ്ഞതും സ്റ്റേജില്‍ വന്നെന്നെ കെട്ടിപ്പിടിച്ച് ഉമ്മ തന്നു. വീട്ടില്‍ കൊണ്ടുപോയി അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ ഒരോ കോപ്പി തന്നു. നിനക്ക് കുട്ടികളുടെ മനസ് അറിയാം, അതുകൊണ്ട് നല്ലൊരു പരിശീലകനാകാന്‍ കഴിയും എന്ന് പറഞ്ഞു. അതിനുശേഷം അദ്ദേഹം എപ്പോള്‍ കോഴിക്കോട് വന്നാലും എന്നെ വിളിക്കും. ഞാനാണ് തിരിച്ച് കൊണ്ടുവിടുന്നത്. യാത്രയ്ക്കിടയില്‍ അദ്ദേഹത്തോട് ഞാനാരാണെന്ന് ചോദിച്ചാല്‍ മോനാണെന്ന് പറയും.
ഒരിക്കല്‍ കോഴിക്കോട് വന്നപ്പോള്‍ എന്റെ വീട്ടില്‍ താമസിച്ചു. പിറ്റേന്ന് തിരികെ പോകാന്‍ നേരം അമ്മ അദ്ദേഹത്തോട് ഇവന് ജോലിയ്ക്കൊന്നും ശ്രമിക്കുന്നില്ലെന്ന് പരാതി പറഞ്ഞു. നിങ്ങള്‍ ഇവനെന്താണ് പേരിട്ടിരിക്കുന്നത്? വിനോദ് എന്നല്ലേ, മറ്റുള്ളവരെ വിനോദിപ്പിക്കുക എന്നതാണ് ഇവന്റെ ജോലി. നാളെ നിങ്ങള്‍ ഇവനിലൂടെയായിരിക്കും അറിയപ്പെടുന്നത് എന്നായിരുന്നു മാഷിന്റെ മറുപടി. അതോടെ അച്ഛനും അമ്മയും എന്റെ അഭിനയ മോഹത്തിന് ഗ്രീന്‍ സിഗ്നല്‍ തന്നു.
കുടുംബം
ഞാനും ഭാര്യയും എറണാകുളത്താണ് താമസം. ഇടയ്ക്ക് കോഴിക്കോട്ടേയ്ക്ക് വരും. മനസ് എപ്പോഴും അവിടെയാണ്. അതുകൊണ്ട് നാട്ടില്‍ കുറച്ച് സ്ഥലം വാങ്ങിയിട്ടുണ്ട്. ഇനി അവിടെയൊരു വീട് വയ്ക്കണം.
അശ്വതി അശോക്