
റാന്നി: സ്ഥാനാര്‍ഥിയുടെ പേര് ബിന്ദു. എന്നാല്‍ ചെയ്ത വോട്ട് വേറൊരു ബൂത്തില്‍ ചെന്ന് മറ്റൊരു ബിന്ദുവിന്റെ. കള്ളവോട്ടാണെന്ന് എല്‍.ഡി.എഫും അബദ്ധം പറ്റിയതാണെന്ന് യു.ഡി.എഫും പറഞ്ഞു സംഗതി വിവാദമായതോടെ വോട്ട് പോയ ബിന്ദുവിന് ടെന്‍ഡര്‍ വോട്ട് നല്കി പ്രശ്നം പരിഹരിച്ചു.
വെച്ചൂച്ചിറ എം.ടി.എച്ച്.എസ്.എസ് സ്കൂളിലെ പോളിങ് സ്റ്റേഷനിലാണ് സംഭവം അരങ്ങേറിയത്. പതിനഞ്ചാം വാര്‍ഡില്‍ മല്‍സരിക്കുന്ന യു.ഡി.എഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിന്ദു തോമസാണ് ബൂത്തും ആളും മാറി വോട്ടുചെയ്തത്. എം.ടി.എച്ച്.എസ്.എസ് സ്കൂളില്‍ രണ്ടു ബൂത്തുകളാണ് ഉണ്ടായിരുന്നത്. ഒന്നാം നമ്പര്‍ ബൂത്തിലെ വോട്ടറായിരുന്നു സ്ഥാനാര്‍ത്ഥി ബിന്ദു തോമസ്. ഇവര്‍ ബൂത്ത് മാറി രണ്ടാം നമ്പര്‍ ബൂത്തിലെ ബിന്ദു സി.ഐ എന്നയാളുടെ വോട്ട് രേഖപ്പെടുത്തിയെന്നാണ് ആരോപണം. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
പന്ത്രണ്ടോടെ രണ്ടാം നമ്പര്‍ ബൂത്തിലെ വോട്ടറായ ബിന്ദു സി.ഐ എത്തിയപ്പോഴാണു തന്റെ വോട്ട് മറ്റാരോ ചെയ്തതായി മനസിലായത്. ഇതോടെ സംഭവം വിവാദമായി. ഇതിന് അര മണിക്കൂര്‍ മുമ്പ് ബിന്ദു തോമസ് ഇതേ ബൂത്തിലേക്ക് കയറി പോകുന്നത് കണ്ടിരുന്ന ഇടതു മുന്നണി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയുടെ വിരലില്‍ വോട്ടു രേഖപ്പെടുത്തിയതിന്റെ തെളിവായ മഷി അടയാളം കൂടി കണ്ടു പിടിച്ചതോടെ ചര്‍ച്ച കൊഴുത്തു.
സ്ഥാനാര്‍ഥി തന്റെ ബൂത്തിലെ സ്വന്തം വോട്ട് രേഖപ്പെടുത്താതിരുന്നതും സംശയം ഗുരുതരമാക്കി. സ്ഥാനാര്‍ഥി കള്ള വോട്ട് ചെയ്തു എന്ന ആരോപണം ശക്തമായതോടെ സ്ഥലത്ത് സ്ഥിതിവഷളായി. തുടര്‍ന്ന് പോലീസ് എത്തി സ്ഥിതി ശാന്തമാക്കുകയായിരുന്നു.






