
അമേരിക്കൻ വാഹന ഭീമനായ ഫോർഡ് തങ്ങളുടെ എസ്യുവി നിരയിലെ മിന്നും താരം റേഞ്ചർ റാപ്റ്ററിനെ ഇന്ത്യയിൻ വിപണിയിലേക്ക് കൊണ്ടുവരാൻ പോകുന്നതായി ഓട്ടോക്കാർ റിപ്പോർട്ട് ചെയ്യുന്നു.
അടുത്തിടെ ഹരിയാന രെജിസ്ട്രേഷനിലുള്ള സിൽവർ ഫോർഡ് റേഞ്ചർ റാപ്റ്റർ കാമറ കണ്ണുകളിൽ പതിഞ്ഞിരുന്നു. ഇതോടെ റേഞ്ചർ റാപ്റ്ററിന്റെ ഇന്ത്യ എൻട്രി ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഇന്ത്യയിൽ ആദ്യം ഒരു മോഡൽ അവതരിപ്പിച്ച് ഉപഭോക്തൃ അഭിപ്രായം തേടുന്നതിന്റെ ഭാഗമായാണ് ഹരിയാന രെജിസ്ട്രേഷനിലുള്ള റേഞ്ചർ റാപ്റ്റർ പുറത്തിറക്കിയതെന്നാണ് റിപ്പോർട്ട്.
2.0 ലിറ്റർ എഞ്ചിൻ ആണ് ഓസ്ട്രേലിയ-സ്പെക്ക് ഫോർഡ് റേഞ്ചർ റാപ്റ്ററിന്. ഇത് 210.5 ബിഎച്ച്പിയും 500 എൻഎം പീക്ക് ടോർക്കും നിർമ്മിക്കുന്നു. 168 ബിഎച്ച്പി പവറും 420 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന എൻഡേവറിലെ 2.0-ലിറ്റർ ഇക്കോബ്ലൂ ടർബോ-ഡീസൽ എഞ്ചിനെക്കാൾ പവറും ടോർക്കും കൂടുതലാണ് റേഞ്ചർ റാപ്റ്ററിലെ എഞ്ചിന്.
റേഞ്ചർ റാപ്റ്റർ ഫോർഡിന്റെ പ്രധാന എസ്യുവിയായ എൻഡേവറിന്റെ പിക്ക് അപ്പ് വകഭേദമാണ്. റാപ്റ്ററിന് ക്വാഡ്-ബീം എൽഇഡി ഹെഡ്ലാമ്പുകൾക്ക് നടുവിലായി വലിപ്പം കൂടിയ കറുത്ത പ്ലാസ്റ്റിക് ഘടകങ്ങൾ ചേർന്ന ഗ്രില്ലാണ് ലഭിക്കുന്നത്. ട്ടോ ഹൊക്കുകൾ ചേർന്ന സ്പോർട്ടി ബമ്പറും വശങ്ങളിൽ വീൽ ആർച്ചുകൾക്ക് പ്ലാസ്റ്റിക് കവറിങ്ങും നൽകിയിട്ടുണ്ട്. ഫ്ലാറ്റ് ബെഡ് ആണ് മൂന്നാം നിരയ്ക്ക് പകരം. ഇതിന് പുറകിലായാണ് കുത്തനെയുള്ള റെയിൽ ലൈറ്റും 'റാപ്റ്റർ' ബാഡ്ജിംഗും ഉള്ള ടെയിൽ ഗേറ്റ്. എൻഡേവറിന് സമാനമായിരിക്കും ഇന്ത്യ-സ്പെക് മോഡലിന്റെ ടയറിന്റെ വലിപ്പവും. അലോയ് വീലിന്റെ ഡിസൈനിലും മാറ്റമുണ്ടാകില്ല.






