
ദില്ലി: രാജ്യതലസ്ഥാനത്ത് വൻ തൊഴിൽ തട്ടിപ്പ്.
ഇരുപത്തിരണ്ട് മലയാളികൾ അടക്കം ഇരൂനൂറിലേറെ പേരിൽ നിന്ന് രണ്ട് കോടി രൂപയാണ് തട്ടിയെടുത്തത്.
ന്യൂസിലാൻഡിലേക്ക് ജോലി വാഗ്ദാനം നൽകി ദ്വാരകയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് പണം തട്ടിയതെന്നാണ് പരാതി. ഇവർ ഫേസ്ബുക്കിൽ നൽകിയ പരസ്യം കണ്ട് പലരും ജോലി തേടി എത്തുകയായിരുന്നു.
പരസ്യം കണ്ട് സ്ഥാപനത്തിലേക്ക് വിളിച്ചവരോട് ഇന്റർവ്യൂവിന് ദില്ലി എത്താൻ ആവശ്യപ്പെട്ടു. തുടർന്ന് ദില്ലി എത്തിയ ഉദ്യോഗാർത്ഥികളോട് മെഡിക്കൽ പരിശോധനയ്ക്കും മറ്റു ആവശ്യങ്ങളുടെയും പേരിൽ പതിനായിരം രൂപയിലധികം വാങ്ങി.
എന്നാൽ പിന്നീട് പലതവണ ബന്ധപ്പെട്ടിട്ടും ഇവരിൽ നിന്ന് വിവരങ്ങൾ കിട്ടിയില്ല. തുടർന്ന് തട്ടിപ്പിനിരയായവർ ദ്വാരക പൊലീസിനെ സമീപിച്ചു. രണ്ട് കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ ഓഫീസ് പൂട്ടിയ നിലയിലാണ്.






