
കൊച്ചി: അമ്മ ജനറൽബോഡിയിൽ ഇന്ന് നടന്നത് ചരിത്രമെന്ന് അൻസിബ ഹസൻ. താൻ അവസരം ചോദിച്ചു വാങ്ങി പറയാനുള്ള കാര്യങ്ങളെല്ലാം പറഞ്ഞു. തനിക്ക് ഇപ്പോഴെങ്കിലും നീതി കിട്ടിയെന്ന് പറയാൻ കഴിയുമെന്നും താരം പറഞ്ഞു. ചരിത്രപരമായ തീരുമാനങ്ങളാണ് ഇന്നെടുത്തത്. താന്‍ നേരിട്ട എല്ലാ കാര്യങ്ങളും കൃത്യമായി ഉന്നയിക്കാന്‍ സാധിച്ചതില്‍ ഏറെ സമാധാനമുണ്ടെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു.
അമ്മയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു സംഭവം നടക്കുന്നത്. അവിശ്വാസ പ്രമേയത്തിൽ ഇത്രയധികം അംഗങ്ങൾ പങ്കെടുത്തത് ആദ്യമായിട്ടായിരിക്കും. എല്ലാവരും അവരുടെ അഭിപ്രായങ്ങൾ ശരിയായി രേഖപ്പെടുത്തിയ ജനറൽബോഡി ആയിരുന്നു. കഴിഞ്ഞ ഭരണസമിതിക്ക് വരവുചെലവ് കണക്കുകൾ കാണിക്കാൻ സാധിച്ചില്ല. അതിനായി സമയം നീട്ടിച്ചോദിച്ചത് ബാലിശമായ നടപടിയായിരുന്നു, അത് വിലപ്പോയില്ല.
തനിക്ക് സംസാരിക്കാൻ ഉച്ചവരെ സമയം തന്നില്ല. അവസരം ചോദിച്ച് വാങ്ങുകയായിരുന്നു. മറ്റുള്ളവർ ചേർന്ന് അവസരം ഒരുക്കിത്തരുകയായിരുന്നു. ഇപ്പോൾ എനിക്ക് നീതി ലഭിച്ചതായി തോന്നുന്നു. നീതിന്യായ വ്യവസ്ഥയിൽ അതിന് ഒരുപാട് നടപടിക്രമങ്ങളുണ്ട്. അതിനു ശേഷമായിരിക്കും നീതി ലഭിക്കുക. അതിനായി ഇനിയും മുന്നോട്ടുപോകുമെന്നും അൻസിബ പറഞ്ഞു.
അതിജീവിത ഉൾപ്പെടെയുള്ള വിട്ടുപോയ ആളുകളെ സംഘടനയിലേക്ക് തിരിച്ചുവിളിക്കണം. അവർ വരുമോ ഇല്ലയോ എന്നത് അവരുടെ തീരുമാനമായിരിക്കും. എന്നാൽ, പുതിയ ഭരണസമിതി അവരെ തിരിച്ചുവിളിക്കണമെന്നും അൻസിബ ആവശ്യപ്പെട്ടു.






