
തിരുവനന്തപുരം: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര പ്രശ്നങ്ങളിൽ സർക്കാർ ഇടപെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. സംഘടനയ്ക്കുള്ളിലെ വിഷയങ്ങൾ അവരുടെ ആഭ്യന്തര കാര്യങ്ങളാണെന്നും, അവ സംഘടനയ്ക്കുള്ളിൽ തന്നെ പരിഹരിക്കപ്പെടണമെന്നാണ് തന്റെ ആഗ്രഹമെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ മുമ്പും സമാന നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമ നിലവിൽ മികച്ച വളർച്ചയുടെ പാതയിലാണെന്നും ദേശീയ-അന്തർദേശീയ തലങ്ങളിൽ കൂടുതൽ അംഗീകാരം നേടിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇത്തരം വിവാദങ്ങൾ മാറ്റിനിർത്തിയാൽ മലയാള സിനിമ വീണ്ടും ഒരു സുവർണ കാലഘട്ടത്തിലേക്കാണ് കടന്നുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയും തിരുവനന്തപുരത്ത് തന്നെ നടക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മേളയുടെ വേദി കൊച്ചിയിലേക്ക് മാറ്റിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ‘അമ്മ’യുടെ അധ്യക്ഷ സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവച്ച ശ്വേത മേനോൻ സംഘടനയ്ക്കുള്ളിൽ നടന്ന സംഭവവികാസങ്ങളെ കുറിച്ച് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയുടെയും ഗൂഢാലോചനയുടെയും ഭാഗമായാണ് തങ്ങളെയും ഭരണസമിതിയെയും പുറത്താക്കാൻ ചിലർ ശ്രമിച്ചതെന്നാണ് അവരുടെ ആരോപണം.
കുറ്റാരോപിതരായ ചിലരുടെ നിയന്ത്രണത്തിലേക്ക് സംഘടനയെ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങളാണ് ജനറൽ ബോഡിയിൽ നടന്നതെന്നും, അവിശ്വാസ പ്രമേയം ഉൾപ്പെടെയുള്ള നടപടികളിലൂടെ തങ്ങളെ വേട്ടയാടാൻ ശ്രമിച്ചുവെന്നും ശ്വേത മേനോൻ ആരോപിച്ചു. വ്യക്തിത്വം പണയം വെച്ച് തുടരാനാകാത്ത സാഹചര്യത്തിലാണ് സ്ഥാനമൊഴിയാൻ തീരുമാനിച്ചതെന്നും അവർ വ്യക്തമാക്കി.






