
എച്എംഡി ഗ്ലോബലിന്റെ ഉടമസ്ഥതയിലുള്ള ഫിന്നിഷ് സ്മാർട്ട്ഫോൺ ബ്രാൻഡ് നോക്കിയ തങ്ങളുടെ 5.3-യുടെ പിൻഗാമി നോക്കിയ 5.4നെ ആഗോള വിപണിയിലെത്തിച്ചു. 189 യൂറോ (ഏകദേശം 16,900 രൂപ) ആണ് 4 ജിബി റാമും + 64 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന പതിപ്പിന് വില. എന്നാൽ, 4 ജിബി റാമും + 128 ജിബി സ്റ്റോറേജും 6 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷനുമുള്ള പതിപ്പുകളുടെ വില കമ്പനി പുറത്ത് വിട്ടിട്ടില്ല. നോക്കിയ 5.4 സൺസെറ്റ്, പോളാർ നൈറ്റ് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമായിരിക്കും.
6.39 ഇഞ്ച് എച്ച്ഡി+ ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണിന്. ഡ്യുവൽ സിം (നാനോ) ഫോൺ ആയ നോക്കിയ 5.4 ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത് (ആൻഡ്രോയിഡ് 11 ലേക്ക് അപ്ഗ്രേഡ് ചെയ്യാം). ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 662 SoC പ്രോസസ്സർ ആണ് കരുത്ത്. 4,000 എംഎഎച്ച് ബാറ്ററിയാണ് നോക്കിയ 5.4-ന്.
48 മെഗാപിക്സൽ പ്രൈമറി സെൻസർ, 5 മെഗാപിക്സിൽ അൾട്രാ-വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയടങ്ങുന്ന ക്വാഡ് റിയർ ക്യാമറയാണ് നോക്കിയ 5.4-ന്. 16 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും മുൻവശത്തുണ്ട്. പിൻവശത്ത് ഫിംഗർപ്രിന്റ് സെൻസറും ലഭ്യമാണ്. 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകൾ.






