
മകളെ കൊലപാതകത്തിന് കാരണമായ പത്തോളം പേരെ അകത്താക്കാന്‍ വേണ്ടി ജീവന് പോലും പണയം വെച്ച് പോരാടിയ ഒരു അമ്മയുടെ വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഈ അമ്മയുടെ കഥ പുറത്ത് എത്തിച്ചത് ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിലൂടെ ആസം അഹമ്മദ് ആയിരുന്നു. ഇരുപതു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന മകള്‍ കാരനെ തട്ടിക്കൊണ്ടു പോയി കൊന്നു കളഞ്ഞവര്‍ക്കെതിരെ മറിയം എന്ന അമ്മ വര്‍ഷങ്ങളായി സഞ്ചരിക്കാന്‍ ആരംഭിച്ചിട്ട്. തന്റെ കാറില്‍ സഞ്ചരിക്കുമ്പോള്‍ തോക്കു കാണിച്ച് ഭയപ്പെടുത്തിയാണ് മറിയത്തിന്റെ മകളെ ഒരു കൂട്ടം പേര് തട്ടിക്കൊണ്ടു പോയത്.
മറിയത്തിന്റെ മകള്‍ കാരനെ തട്ടിക്കൊണ്ടു പോയത് സീറ്റ കാര്‍ട്ടല്‍ എന്ന മെക്സിക്കോയിലെ കുപ്രസിദ്ധമായ അധോലോക സംഘത്തിലെ അംഗങ്ങളായ ചിലരായിരുന്നു. തുടര്‍ന്ന് മറിയത്തിനെ ഫോണ്‍ ചെയ്ത് മോചന ദ്രവ്യം ആവശ്യപ്പെട്ടു. ഒരു വട്ടമല്ല പലവട്ടം. അവര്‍ ബാങ്കില്‍ നിന്ന് ലോണ്‍ വരെ എടുത്ത് ചോദിച്ചപ്പോഴൊക്കെ, ചോദിച്ച തുക കൊടുത്തു കൊണ്ടിരുന്നു. ഇങ്ങനെ പലവട്ടം പണം നല്‍കിയിട്ടും മകള്‍ തിരികെ വരാഞ്ഞപ്പോള്‍, ഒടുവില്‍ മറിയത്തിന് ഒരു കാര്യം ഉറപ്പായി. തന്റെ മകളെ അവര്‍ കൊന്നു കളഞ്ഞിരിക്കുന്നു. പൊലീസില്‍ നിന്നും തനിക്ക് നീതി കിട്ടില്ലെന്ന് മനസിലായ മറിയം സ്വയം പ്രതികളെ അകത്താക്കാന്‍ ഇറങ്ങിത്തിരിച്ചു.
മുടി പറ്റെ വെട്ടി, കളര്‍ ചെയ്തു. വ്യാജ ഐഡി കാര്‍ഡുകളുടെ സഹായത്തോടെ പോള്‍ ഏജന്റ്, ആരോഗ്യപ്രവര്‍ത്തക എന്നിങ്ങനെ പലവേഷങ്ങളില്‍ പ്രതികളെ പിന്തുടര്ന്നു ചെന്നു. പ്രതികളെന്ന് സംശയിച്ചിരുന്നവരുടെ അമ്മമാരെയും, അമ്മൂമ്മമാരെയും, സഹോദരീ സഹോദരന്മാരെയും ഒക്കെ പിന്തുടര്ന്ന് ചെന്നു. അവരുമായി സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടു. സാന്ദര്‍ഭികമായി ഈ പ്രതികളെപ്പറ്റിയും ചോദിച്ചു. പലരും, മറിയത്തിന്റെ ഉദ്ദേശ്യം തിരിച്ചറിയാതെ അവരോട് പലതും വെളിപ്പെടുത്തിക്കൊണ്ടിരുന്നു. തുടര്‍ച്ചയായ മൂന്നു വര്‍ഷത്തെ പരിശ്രമം കൊണ്ട് മറിയം അഴിക്കുള്ളില്‍ എത്തിച്ചത് സീറ്റ കാര്‍ട്ടലിലെ പത്തു ക്രിമിനലുകളെയാണ്. അവര്‍ ഓരോരുത്തര്‍ക്കും കാരന്റെ തട്ടിക്കൊണ്ടു പോകലിലും കൊലപാതകത്തിലും കൃത്യമായ പങ്കുണ്ടായിരുന്നു.
എന്നാല്‍, 2017 മാര്‍ച്ച് 23നു തമൗലി പാസിലെ ജയിലില്‍ നിന്ന് കുറെ അക്രമികള്‍ ജയിലില്‍ നിന്ന് ഒരു തുരങ്കമുണ്ടാക്കി രക്ഷപ്പെട്ടു. അക്കൂട്ടത്തില്‍ മറിയം പിടിച്ച് ജയില്‍ അടച്ച സംഘത്തിലെ ചിലരുമുണ്ടായിരുന്നു. 2017 മെയ് 14 -ന് രാത്രി പത്തരയോടെ വീട്ടിലേക്ക് നടന്നു വന്നു കൊണ്ടിരുന്ന മറിയത്തിനെ ഈ ജയില്‍ ചാടിയ ക്രിമിനലുകള്‍ വെടിവെച്ച് കൊലപ്പെടുത്തി. വീടിനു തൊട്ടു മുമ്പില്‍ വെച്ചാണ് അവര്‍ കൊല്ലപ്പെട്ടത്. മകള്‍ക്ക് വേണ്ടി പോരാടിയ മറിയം കൊല്ലപ്പെട്ടത് ഒരു മദേഴ്സ് ഡേയ്ക്ക് തന്നെയായിരുന്നു എന്നതും ആകസ്മികമായിരുന്നു.






