
ചൈനീസ് വാഹന ഭീമനായ എസ്എഐസിയുടെ (SAIC) സബ്സിഡിയറിയായ ബ്രിട്ടീഷ് ബ്രാൻഡ് എംജി മോട്ടോർ ഹെക്ടറിന്റെ ഫേസ്-ലിഫ്റ്റ് പതിപ്പ് എത്തിക്കുന്നു. എന്നാൽ, കാര്യമായ വ്യത്യാസങ്ങൾ 2021 ഹെക്ടറിൽ ഉണ്ടാവില്ലെന്നാണ് റിപ്പോർട്ട്. പരിഷ്കരിച്ച ഇന്ത്യ-സ്പെക് ഹെക്ടർ കൊളംബിയ, ഈജിപ്ത് വിപണികളിൽ ഷെവർലെ ക്യാപ്റ്റിവ എന്ന പേരിലും വില്പനയിലുള്ള ഹെക്ടറിന് സമാനമായിരിക്കും.
നിലവിലെ ഹണികോംബ് ഗ്രില്ലിന്റെ ഡിസൈൻ ഇതിലും തുടരും. എന്നാൽ, ഹണികോംബ് ഇൻസേർട്ടുകൾക്ക് പകരം ക്രോമിൽ തീർത്ത സ്ളാറ്റുകളാണ് ഗ്രില്ലിൽ ലഭിക്കുക. മുൻപിലെ ബമ്പറും ചെറിയ മാറ്റങ്ങളോടെ എത്തിയേക്കും. പുത്തൻ മോഡലിലും 48V മൈൽഡ്-ഹൈബ്രിഡ് സംവിധാനമുള്ള 170 എച്ച്പി 1.5 ലിറ്റർ ടർബോ പെട്രോൾ, 140 എച്ച്പി പവറും 250 എൻഎം പീക്ക് ടോർക്കും നിർമ്മിക്കുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ, 168 എച്പി പവറും 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0-ലിറ്റർ, 4-സിലിണ്ടർ ടർബോ-ഡീസൽ എൻജിൻ എന്നിങ്ങനെ മൂന്ന് എഞ്ചിനുകൾ മാറ്റമില്ലാതെ തുടരും.
കൂടുതൽ ഫീച്ചറുകളോടൊപ്പം ഡ്യുവൽ ടോൺ ഇന്ററ്റീരിയർ ആണ് എസ്യുവിയുടെ അകത്ത് പ്രതീക്ഷിക്കുന്ന മാറ്റം. അലോയ് വീലുകൾക്ക് പുതിയ ഡിസൈൻ ലഭിച്ചേക്കും. പുത്തൻ ഹെക്ടറിൽ 5 ട്വിൻ സ്പോക്ക് അലോയ് വീലുകൾ എത്തും എന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. ഇത് കൊളംബിയ, ഈജിപ്ത് വിപണികളിൽ ഷെവർലെ ക്യാപ്റ്റിവ മോഡലിൽ നിന്നും വ്യത്യസ്തമായിരിക്കും. പരിഷ്കരിച്ചെത്തുന്ന ഹെക്ടറിന് ഇപ്പോഴുള്ള 17 ഇഞ്ച് വീലിന് പകരം 18 വീൽ ആയിരിക്കും എന്നും സൂചനയുണ്ട്.






