
തിരുവനന്തപുരം : 28 വര്‍ഷങ്ങള്‍ക്കിപ്പുറം സിസ്റ്റർ അഭയ കേസിൽ കോടതി ശിക്ഷിച്ച ഫാ. തോമസ് കോട്ടൂർ പൂജപ്പുര സെൻട്രൽ ജയിലിലെ 4334– ാം നമ്പർ തടവുകാരനാണ്. ഇതേ കേസില്‍ അട്ടക്കുളങ്ങര വനിതാ ജയിലിലെ 15–ാം നമ്പർ തടവുകാരിയാണു സിസ്റ്റർ സെഫി. ഫാ. കോട്ടൂർ ക്വാറന്റീൻ ബ്ലോക്കിൽ ഒറ്റയ്ക്കാണ്. സിസ്റ്റർ സെഫിക്കൊപ്പം 5 പ്രതികളുണ്ട്. ജയിലിൽ ഭക്ഷണം കഴിക്കാൻ സിസ്റ്റർ സെഫി വിമുഖത കാട്ടിയിരുന്നു. ചൊവ്വാഴ്ച രാത്രി മുഴുവൻ പ്രാർഥനയിലായിരുന്നു.
കേസിൽ കുറ്റക്കാരാണെന്നു കണ്ടെത്തിയതിനെ തുടർന്ന് 2 പേരെയും ചൊവ്വാഴ്ച ഇതേ ജയിലുകളിലാണു പാർപ്പിച്ചത്. ക്വാറന്റീൻ കാലയളവ് അവസാനിച്ചാൽ ഫാ. കോട്ടൂരിനെ സെൽ ബ്ലോക്കിലേക്കു മാറ്റും.
ജയിലില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പായി കഴിഞ്ഞ ദിവസം ഇരുവരുടെയും കോവിഡ് പരിശോധന നടത്തിയിരുന്നു. നെഗറ്റീവാണെന്നു തെളിഞ്ഞെങ്കിലും മറ്റു ജില്ലയിൽ നിന്നു എത്തിയിട്ടുള്ള ഇരുവർക്കും 14 ദിവസത്തെ ക്വാറന്റീൻ നിർദേശിച്ചിട്ടുണ്ട്.






