
കൊച്ചി: ജസ്ന തിരോധാനക്കേസില്‍ അന്വേഷണം മികച്ച രീതിയില്‍ നടന്നെന്നും കുടുംബത്തിന് പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും മുന്‍ ക്രൈബ്രാഞ്ച് മേധാവി ടോമിന് തച്ചങ്കരി. അന്വേഷണം വളരെയധികം പുരോഗതിയുണ്ടായിരുന്നെന്നും കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ അന്വേഷണത്തെ ബാധിച്ചെന്നും തച്ചങ്കരി പറഞ്ഞു. ഒരു ചാനലിന്റെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
'ജസ്നയുടെ തിരോധാനം അന്വേഷിച്ചിരുന്നത് എസ്.പി. കെ. ജി. സൈമണ്‍ ആയിരുന്നു. കേസില്‍ വളരെയധികം പുരോഗതി ഉണ്ടായിരുന്നു ജസ്ന ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന കാര്യത്തില്‍ ധാരണയായി. എന്നാല്‍ ആ സമയത്താണ് കോവിഡ് എത്തിയത്. ഇതോടെ അന്വേഷണത്തിന്റെ ഭാഗമായി തമിഴിനാട്ടിലേക്ക് പോകാന്‍ സാധിക്കാതെ വന്നു' അദേഹം പറഞ്ഞു.
ജസ്ന പോയ വാഹനത്തെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായപ്പോഴാണ് കോവിഡ് വ്യാപനം രൂക്ഷമായത്. ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നടന്നിരുന്നത്. എസ്.പി. കെ. ജി. സൈമണ്‍ ഇപ്പോഴും കേസിന്റെ പിന്നാലെയാണ്. ഈ മാസം 31ന് അദേഹം റിട്ടയര്‍ ചെയ്യും. എന്നാല്‍ അത് തെളിയക്കപ്പെടും കുടുംബത്തെ സംബന്ധിച്ച് പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും ടോമിന് തച്ചങ്കരി പറഞ്ഞു.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്സ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ജസ്നയെ 2018 മാര്‍ച്ച് 22ന് ബന്ധുവീട്ടിലേക്കുള്ള യാത്രയിലാണ് കാണാതായത്. കേസ് ആദ്യം ലോക്കല്‍ പോലീസ് ആയിരുന്നു അന്വേഷിച്ചിരുന്നത് പിന്നീട് കേസില്‍ ക്രൈബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.






