
ആര്യാടന് ഷൗക്കത്തിന്റെ തിരക്കഥയില്‍ പാര്‍വതി തിരുവോത്ത് നായികയായെത്തുന്ന 'വര്‍ത്തമാനം' എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തെ വിമര്‍ശിച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി രംഗത്ത്. താരം ഫേസ്ബുക്കിലിട്ട കുറിപ്പ് ചര്‍ച്ചയാവുകയാണ്.
'സെന്‍സര്‍ ബോര്‍ഡിനെ ഭരണപ്പാര്‍ട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന ഈ രീതി മാറിയേ മതിയാകൂ. രാജ്യസ്നേഹവും ദേശീയതയും ഒരു വിഭാഗത്തിന്റെ നിര്‍വചനത്തില്‍ മാത്രം ഒതുങ്ങുന്ന, ഒതുക്കപ്പെടേണ്ട രണ്ടു വാക്കുകള്‍ അല്ല. അങ്ങനെ ഒതുക്കപ്പെടുന്ന പക്ഷം, അതിനെതിരെ ശബ്ദിക്കേണ്ട ഉത്തരവാദിത്തം ഇവിടത്തെ ഓരോ കലാകാരനും കലാകാരിയ്ക്കും ഉണ്ട്. സെന്‍സര്‍ഷിപ്പ് എന്നത് ഏകാധിപത്യത്തിന്റെ ഊന്നുവടിയാണ്.'-മുരളീ ഗോപി കുറിച്ചു.
സിദ്ധാര്‍ഥ ശിവയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിനു പിന്നാലെ അനുമതി നിഷേധിക്കാനുള്ള കാരണം വ്യക്തമാക്കി സെന്‍സര്‍ ബോര്‍ഡ് അംഗവും ബി.ജെ.പി. എസ്.സി. മോര്‍ച്ചാ സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ. വി സന്ദീപ് കുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച കുറിപ്പും വിവാദമായിരുന്നു.
സിനിമക്ക് സെന്‍സര്‍ഷിപ്പ് ആര്പ്പെടുത്തുന്നതിനും വര്‍ത്തമാനം എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചതിനുമെതിരെ നിരവധി ആളുകളാണ് രംഗത്തുവന്നിരിക്കുന്നത്.






