
ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡാണ് ലാവ മൊബൈൽസ് ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണ്. ഈ നീക്കത്തിന്റെ ഭാഗമായി തങ്ങളുടെ പുത്തൻ ഫോണുകൾ ജനുവരി 7 അവതരിപ്പിക്കും എന്ന് വ്യക്തമാക്കി ലാവ ട്വീറ്റ് ചെയ്തു.
റിപോർട്ടുകൾ അനുസരിച്ച് 4 പുത്തൻ സ്മാർട്ട്ഫോണുകളാണ് ലാവ മൊബൈൽസ് പുതുതായി പുറത്തിറക്കുക. 5,000 രൂപ, 10,000 രൂപ, 15,000 രൂപ, 20,000 രൂപ എന്നിങ്ങനെയാവും ഈ നാല് ഫോണുകളുടെയും വില. വരാൻ പോകുന്ന പുത്തൻ സ്മാർട്ട്ഫോണുകളെപ്പറ്റി യാതൊരു വിവരവും നൽകാതെയാണ് ലാവ മൊബൈൽസ് ടീസർ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. അതെ സമയം #ProudlyIndian ഹാഷ്ടാഗ് ഉപയോഗിച്ചിരിക്കുന്നത് കാണാം. ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡ് എന്ന വിശേഷണം പരമാവധി ഉപയോഗപ്പെടുത്താൻ തന്നെ എന്ന് ഇത് വ്യക്തമാക്കുന്നു.
അടുത്തിടെയാണ് ലാവ സ്ത്രീകൾക്ക് പ്രത്യേകമായി ബിയു എന്ന ഫോൺ വില്പനക്കെത്തിച്ചത്. ലാവ ബിയുവിന് 6,888 രൂപയാണ് വില. ധാരാളം സുരക്ഷാ ആപ്പുകൾ പ്രീ-ബിൽറ്റ് ആയി ഫോണിലുണ്ട്. 1560 x 720 പിക്സൽ സ്ക്രീൻ റെസല്യൂഷനും 19.5: 9 വീക്ഷണാനുപാതവുമുള്ള 6.08 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേയാണ് ലാവ ബിയുവിന്. IMG8322 ജിപിയുവുമായി ചേർന്ന് പ്രവർത്തിക്കുന്ന1.6GHz ഒക്ടാകോർ പ്രോസസറാണ് സ്മാർട്ട്ഫോണിന്റെ ശക്തി. 4060 mAh കപ്പാസിറ്റിയുള്ള അഴിച്ചു മാറ്റാവുന്ന ബാറ്ററിയാണ് ഫോണിന്. 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും ഫോണിനുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി മെമ്മറി 256 ജിബി വരെ വർദ്ധിപ്പിക്കാം.






