
ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോ തങ്ങളുടെ പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡല്‍ ഫൈന്‍ഡ് എക്സ്9 അള്‍ട്രയുടെ ഗ്ലോബല്‍ ലോഞ്ച് അടുത്ത മാസം ഏപ്രില്‍ 21-ന് നടത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ ഗ്ലോബല്‍ ലോഞ്ചിനൊപ്പം തന്നെ ചൈനയിലെ ചെങ്ദുവില്‍ ഒരു പ്രത്യേക ഇവന്റും സംഘടിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഈ പരിപാടിയില്‍ ഫൈന്‍ഡ് എക്സ്9 അള്‍ട്രയ്‌ക്കൊപ്പം ഫൈന്‍ഡ് എക്സ്9എസ് പ്രോയും അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹാസല്‍ബ്ലാഡ് സഹകരണത്തോടെ രൂപകല്‍പ്പന ചെയ്ത ക്യാമറ സാങ്കേതികവിദ്യയാണ് ഈ രണ്ട് ഫോണുകളുടെയും പ്രധാന ആകര്‍ഷണം. ഇതിനോടകം തന്നെ ഇവ ചൈനയില്‍ പ്രീ-ഓര്‍ഡറിനായി ലഭ്യമായിട്ടുണ്ട്. 'നിങ്ങളുടെ അടുത്ത ക്യാമറ ലോഞ്ച് ചെയ്യാന്‍ തയ്യാറാണ്' എന്ന ടാഗ്ലൈന്‍ ഉപയോഗിച്ച് ക്യാമറ കേന്ദ്രീകൃത സവിശേഷതകളെ മുന്‍നിര്‍ത്തിയാണ് കമ്പനി ഈ ഡിവൈസ് അവതരിപ്പിക്കുന്നത്. ഉയര്‍ന്ന നിലവാരമുള്ള ഫോട്ടോഗ്രഫിയും വീഡിയോ റെക്കോര്‍ഡിംഗും പ്രാധാന്യം നല്‍കുന്ന ഉപഭോക്താക്കളെയാണ് കമ്പനി മുഖ്യമായും ലക്ഷ്യമിടുന്നത്.
ഫൈന്‍ഡ് എക്സ്9എസ് പ്രോയുടെ ക്യാമറ സവിശേഷതകള്‍ ഇതിനകം തന്നെ ടീസറുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. 200-മെഗാപിക്സല്‍ പ്രധാന ക്യാമറയും 200-മെഗാപിക്സല്‍ പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സും ഇതില്‍ ഉള്‍പ്പെടുമെന്നാണ് സൂചന. കൂടാതെ 50-മെഗാപിക്സല്‍ അള്‍ട്രാവൈഡ് ക്യാമറയും ഉണ്ടായേക്കാം. ദൂരെയുള്ള വസ്തുക്കളെ വ്യക്തമായി പകര്‍ത്തുന്നതിനും ഉയര്‍ന്ന നിലവാരത്തിലുള്ള ചിത്രങ്ങള്‍ എടുക്കുന്നതിനും ഈ സംവിധാനം സഹായകരമാകും.
മറ്റ് സവിശേഷതകളായി 6.32 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേ, മീഡിയാടെക്ക് ഡൈമന്‍സിറ്റി 9500 പ്രോസസര്‍, ഏകദേശം 7000 എംഎഎച്ച് ശേഷിയുള്ള ബാറ്ററി എന്നിവ പ്രതീക്ഷിക്കുന്നു. 80 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ്, വയര്‍ലെസ് ചാര്‍ജിംഗ്, അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഐപി68/ഐപി69 വാട്ടര്‍-ഡസ്റ്റ് റെസിസ്റ്റന്‍സ് എന്നിവയും ഈ ഫോണില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. മെറ്റല്‍ ബോഡിയോടുകൂടിയ പ്രീമിയം ഡിസൈന്‍ ഈ ഡിവൈസിനെ കൂടുതല്‍ ആകര്‍ഷകമാക്കും.
അതേസമയം ഫൈന്‍ഡ് എക്സ്9 അള്‍ട്ര മോഡലില്‍ 200-മെഗാപിക്സല്‍ പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും 50 മെഗാപിക്‌സല്‍ സെക്കന്‍ഡറി ടെലിഫോട്ടോ ക്യാമറയും ഉള്‍പ്പെടും. 7000 എംഎഎച്ചില്‍ കൂടുതലുള്ള ബാറ്ററിയും മെച്ചപ്പെട്ട ക്യാമറ സംവിധാനവും ഇതിന്റെ പ്രധാന ഹൈലൈറ്റുകളായിരിക്കും. കൂടാതെ പുതിയ ഓറഞ്ച് കണ്‍ട്രോള്‍ ബട്ടണ്‍ ഉള്‍പ്പെടുത്താന്‍ സാധ്യത ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.






