
ന്യൂഡല്‍ഹി: വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസിനെ ഒരുമിച്ച് നയിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ഉമ്മന്‍ചാണ്ടിയെ പ്രചാരണസമിതി ചെയര്‍മാനാക്കുന്നത് ചര്‍ച്ച ചെയ്യുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.
'എല്ലാവരും ഒന്നിച്ച് മുന്നോട്ടു പോകണം. എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അവര്‍ക്ക് ഹൈക്കമാന്‍ഡിനെയോ എഐസിസിയെയോ സമീപിക്കാം. ഉമ്മന്‍ചാണ്ടി ഒരു മുതിര്‍ന്ന നേതാവാണ് അദേഹം കോണ്‍ഗ്രസിനെ നയിക്കാനായി മുന്നില്‍ തന്നെയുണ്ടാകും. മുല്ലപ്പള്ളി രാമചന്ദ്രന് വളരെ നല്ല സംഘടനാ നേതാവാണ്. അവരെല്ലാവരും ചേര്‍ന്ന് കോണ്ഗ്രസനെ നയിക്കണം. എന്തെങ്കിലും വിടവുകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും' അദേഹം പറഞ്ഞു.
കൂട്ടായ നേതൃത്വം വേണമെന്ന ആവശ്യമാണ് ഹൈക്കമാന്‍ഡിന് മുന്നില്‍ വച്ചിരിക്കുന്നതെന്ന് അദേഹം വ്യക്തമാക്കി. എന്നാല്‍ പ്രചാരണസമിതി ചെയര്മാന് ആയി ആരെ തീരുമാനിക്കുമെന്ന കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു.
ജനുവരി 4, 5 തീയതികളില്‍ കേരളത്തില്‍ അദേഹം എത്തുന്നുണ്ട്. നേരത്തെ താരിഖ് അന്‍വര്‍ കേരള സന്ദര്‍ശനം നടത്തിയപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളും ഘടകകക്ഷി നേതാക്കളും ഉമ്മന്‍ചാണ്ടിയെ സജീവമായി കൊണ്ടുവരണമെന്ന ആവശ്യം മുന്നോട്ട് വച്ചിരുന്നു.






