
ബിഎസ് VI മാനദണ്ഡങ്ങൾ പാലിച്ചെത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ലൈറ്റ് കൊമേർഷ്യൽ വെഹിക്കിളാണ് മാരുതി സൂപ്പർ ക്യാരി. സൂപ്പർ ക്യാരിയുടെ മൊത്തം 5,726 യൂണിറ്റുകൾ 2020 ഡിസംബറിൽ നിരത്തിലെത്തിയെന്നാണ് റിപ്പോർട്ട്. 259.9 ശതമാനം വിൽപ്പന വളർച്ചയാണ് വാഹനത്തിന്റെ വാർഷിക അടിസ്ഥാനത്തിലുള്ള വിൽപ്പനയിൽ മാരുതി സുസുക്കി നേടിയത്.
2016 സെപ്റ്റംബറിലാണ് മാരുതി സുസുക്കി സൂപ്പർ ക്യാരി പുറത്തിറക്കുന്നത്. 1,591 യൂണിറ്റായിരുന്നു 2019 ഡിസംബറിലെ വിൽപ്പന. പ്രതിമാസ അടിസ്ഥാനത്തിൽ മാരുതി മിനി ട്രക്ക് 80 ശതമാനം വളർച്ച രേഖപ്പെടുത്തി. 3,181 യൂണിറ്റുകളാണ് 2020 നവംബറിൽ വിറ്റത്. 2020 ഡിസംബർ മാസത്തോടെ വാഹനം 70,000 യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ലും പിന്നിട്ടു.
മാരുതി സൂപ്പർ ക്യാരി തികച്ചും ഒതുക്കമുള്ള വാഹനമാണ്. 3,800 മില്ലിമീറ്റർ നീളവും 1,562 മില്ലിമീറ്റർ വീതിയും 1,883 മില്ലിമീറ്റർ ഉയരവുമുള്ള 2,110 മില്ലീമീറ്റർ നീളമുള്ള വീൽബേസുമാണ് വാഹനത്തിന്. മാരുതി സുസുക്കി സൂപ്പർ ക്യാരി സ്റ്റാൻഡേർഡ്, എസ്-സിഎൻജി, ക്യാബ് ചാസി എന്നീ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. അകത്തളത്തിൽ രണ്ട് പേർക്ക് മാത്രം ഇരിക്കാൻ കഴിയും. ഒരു 12V ചാർജിംഗ് സോക്കറ്റ് സ്റ്റാൻഡേർഡായി ലഭ്യമാണ്. എസി ഒരു ഓപ്ഷനായി തെരഞ്ഞെടുക്കാൻ സാധിക്കും. 4.25 ലക്ഷം മുതൽ 5.18 ലക്ഷം രൂപ വരെയാണ് മാരുതി സൂപ്പർ ക്യാരിയുടെ എക്സ്ഷോറൂം വില.






