ന്യൂഡല്‍ഹി: കോവിഡ് വാക്സിനുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കാന്‍ ഇന്ത്യന്‍ വ്യോമസേനയും. ഗതാഗത സൗകര്യങ്ങള്‍ കുറഞ്ഞ ഉത്തര്‍പ്രദേശില്‍ വാക്സിന് എത്തിക്കുന്നതിന് വ്യോമസേനയുടെ സി-130 ജെഎസ്, എഎന്‍-32 എസ് എന്നീ വിമാനങ്ങള്‍ ഉപയോഗിക്കും. അരുണാചല്‍ പ്രദേശ്, ലഡാക്ക് എന്നീ മേഖലകളിലാണ് വ്യോമസേനയുടെ സേവനം കൂടുതലായി ആവശ്യം വരിക.
വ്യോമസേനയുടെ വിമാനങ്ങള്‍ക്ക് പുറമേ ഹെലികോപ്റ്ററുകളും വാക്സിന് കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ ഉപയോഗിക്കും. പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് വാക്സിന് കൈമാറുന്നതുവരെ 24 മണിക്കൂര്‍ നേരം നിശ്ചിത അളവില്‍ തണുപ്പിച്ച് സൂക്ഷിക്കാവുന്ന പ്രത്യേക കണ്ടെയ്നറുകളിലാക്കിയാണ് വിമാനങ്ങളില്‍ വാക്സിന് എത്തിക്കുക. വ്യോമ മാര്‍ഗമുള്ള വാക്സിന് വിതരണത്തില്‍ പ്രധാന പങ്ക് നിര്‍വഹിക്കുക വാണിജ്യ വിമാനങ്ങള്‍ ആയിരിക്കും.
രണ്ടു ദിവസത്തിനുള്ളില്‍ വാക്സിനുകള്‍ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞാഴ്ചയാണ് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ രണ്ട് വാക്സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. ഓക്സ്ഫോഡ്- ആസ്ട്രസെനക വികസിപ്പിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കോവിഷീല്‍ഡ് വാക്സിനും ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിനുമാണ് അനുമതി നല്‍കിയിരിക്കുന്നത്.






