തിരുവനന്തപുരം : സ്ഥിരമായി അപകടമുണ്ടാക്കുന്ന ഡ്രൈവർമാർ ഇനി കരിമ്പട്ടികയിൽ. തുടർച്ചയായി അപകടത്തിൽപെടുന്ന വാഹനങ്ങളുടെ വിവരങ്ങൾ കരിമ്പട്ടികയിൽ പെടുത്താനാണ് തീരുമാനം.
അപകടത്തിന്റെ പൂർണ വിവരങ്ങൾ ഇന്റഗ്രേറ്റഡ് റോഡ് ആക്സിഡന്റ് മാനേജ്മെന്റ് സോഫ്റ്റ്വേറിലാണ് ഉൾപെടുത്തുക. കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയമാണ് സോഫ്റ്റ്വെയർ തയ്യാറാക്കുന്നത്. ഇവ വഴി ശേഖരിക്കുന്ന വിവരങ്ങൾ ഇൻഷുറൻസ് കമ്പനികൾക്കും വിവരങ്ങൾ നൽകും.
ഇതോടെ രാജ്യത്തെവിടെയും നടക്കുന്ന അപകടങ്ങളുടെ വിവരങ്ങൾ കേന്ദ്രീകൃത സംവിധാനത്തിലേക്കുവരും. വാഹനങ്ങൾ ഏതൊക്കെ സ്ഥലത്തുവെച്ച് അപകടത്തിൽപെട്ടാലും ഒറ്റതിരച്ചിലിൽ അറിയാം. അപകടസമയത്ത് ആരാണ് വാഹനം ഓടിച്ചതെന്ന വിവരവും ലഭിക്കും.
അപകടത്തിന്റെ പൂർണവിവരങ്ങൾ ശേഖരിക്കുന്ന ഈ സോഫ്റ്റ്വേർ, വാഹനരജിസ്ട്രേഷൻ, ഡ്രൈവിങ് ലൈസൻസ് വിതരണ സോഫ്റ്റ്വേറുകൾക്കും (വാഹൻ-സാരഥി) വിവരങ്ങൾ കൈമാറുന്നവിധത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്.






