
സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ ഭേദപ്പെട്ട നിലയില്‍. രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെന്ന നിലയിലാണ്. ഒമ്പത് റണ്‍സുമായി ചേതേശ്വര്‍ പൂജാരയും അഞ്ച് റണ്‍സുമായി ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍.
ടെസ്റ്റ് കരിയറിലെ ആദ്യ അര്‍ധ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്‍ 101 പന്തില്‍ നിന്ന് എട്ട് ബൗണ്ടറി ഉള്‍പ്പെടെ 50 റണ്‍സെടുത്ത് പുറത്തായി. രോഹിത് ശര്‍മ്മയും ഗില്ലും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തി മികച്ച തുടകകമാണ് നല്‍കിയത്. 26 റണ്‍സെടുത്ത രോഹിതിനെ ജോഷ് ഹെയ്സല്‍വുഡാണ് പുറത്താക്കിയത്.
നേരത്തെ ഓസ്ട്രേലിയ 338 റണ്‍സിന് പുറത്തായിരുന്നു. സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത്, അര്‍ധ സെഞ്ചുറി നേടിയ മാര്‍നസ് ലബുഷെയ്ന്, വില്‍ പുകോവ്സ്കി എന്നിവരുടെ മികവിലാണ് ഓസീസ് മികച്ച സ്കോര്‍ സ്വന്തമാക്കിയത്.നാലു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. നവ്ദീപ് സെയ്നി, ജസ്പ്രീത് ബുംമ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.






