
ഫോക്സ്വാഗൻ ഗ്രൂപ്പിലെ ചെക്ക് നിർമാതാക്കളായ സ്കോഡ ഓട്ടോ ഇന്ത്യയിൽ എത്തിക്കുന്ന സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ത്തിന്റെ പേര് പ്രഖ്യാപിച്ചു. ഈ വാഹനത്തിന്റെ പേര് ചക്രവര്‍ത്തി എന്ന് അര്‍ഥം വരുന്ന കുഷാഖ് എന്നായിരിക്കും. 2020 ഡല്‍ഹി ഓട്ടോ എക്സ്പോയുടെ ഭാഗമായി വിഷന്‍-ഇന്‍ എന്ന പേരിലാണ് കുഷാഖിന്റെ കണ്‍സെപ്റ്റ് മോഡല്‍ അവതരിപ്പിച്ചത്.
സ്കോഡ-ഫോക്സ്വാഗണ് വാഹനങ്ങള്‍ക്കായി നിര്‍മിച്ചിരിക്കുന്ന MQB AO IN പ്ലാറ്റ്ഫോമിലാണ് കുഷാഖ് നിര്‍മിക്കുന്നത്. വാഹന നിർമാണത്തിൽ ഒന്നേകാൽ നൂറ്റാണ്ടു നീളുന്ന പ്രൗഢ പാരമ്പര്യത്തിന്റെ പിൻബലത്തോടെയാണു ‘കുഷാഖ്’ എത്തുന്നതെന്നാണു സ്കോഡയുടെ വാഗ്ദാനം. ഈ വാഹനത്തില്‍ 1.5 ലിറ്റര്‍ ടി.എസ്.ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും പ്രവര്‍ത്തിക്കുക. ആറ് സ്പീഡ് മാനുവല്‍ ഏഴ് സ്പീഡ് ഡി.എസ്.ജി എന്നിവയാണ് ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്.
12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ത്രീ സ്പോക്ക് സ്റ്റീയറിങ് വീല്‍, കോക്പിറ്റ് മാതൃകയിലുള്ള സെന്റര്‍ കണ്‍സോള്‍ എന്നിവ ഇന്റീരിയറിൽ ലഭിക്കും. കണ്‍സെപ്റ്റ് മോഡലില്‍ ഇന്റീരിയര്‍ അനുസരിച്ച് എക്സ്റ്റീരിയറില്‍ നല്‍കിയിരുന്ന അതേ ഓറഞ്ച് നിറമാണ് അകത്തളത്തിലും ഉള്ളത്. സ്കോഡ സിഗ്നേച്ചര്‍ ഗ്രില്ല്, വാഹനത്തിന് ചുറ്റിലും നീളുന്ന ക്ലാഡിങ്ങ്, ക്രോം ഫ്രെയിമുകളുള്ള വിന്‍ഡോ, ട്വിന്‍ പോഡ് എല്‍.ഇ.ഡി ഹെഡ്ലാമ്പ്, ഫോഗ്ലാമ്പ്, മുന്നിലും പിന്നിലും സ്കിഡ് പ്ലേറ്റുകള്‍ നല്‍കിയിട്ടുള്ള ഡ്യുവല്‍ ടോണ്‍ ബംമ്പര്‍, റൂഫ് റെയില്‍, 19 ഇഞ്ച് അലോയി വീലുകള്‍, എല്‍ഇഡി ലൈറ്റ് സ്ട്രിപ്പ്, നേര്‍ത്ത ടെയ്ല് ലാമ്പ് എന്നിവയായിരുന്നു കണ്‍സെപ്റ്റ് മോഡലിൽ ഉണ്ടായിരുന്നത്. പ്രൊഡക്ഷന്‍ പതിപ്പിലും ഇത് ലഭിച്ചേക്കും.






