
മാരുതി സുസുക്കിയുടെ കോംപാക്റ്റ് എസ്യുവി വിറ്റാര ബ്രെസയുടെ പുതിയ പതിപ്പ് ഉടൻ വിപണിയിലെത്തിയേക്കും. പുതിയ രൂപത്തിൽ ഈ വർഷം അവസാനം ബ്രെസ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷ. പുതിയ നിരവധി ഫീച്ചറുകളുമായിട്ടായിരിക്കും ബ്രെസയുടെ രണ്ടാം തലമുറ എത്തുക. കിയ സോണറ്റ്, ഹ്യുണ്ടേയ് വെന്യൂ, നിസാൻ മാഗ്നൈറ്റ് തുടങ്ങിയ വാഹനങ്ങളായിരിക്കും എതിരാളികൾ.
കൂടുതൽ സ്പോർട്ടിയായിരിക്കും പുതിയ വാഹനം. നിലവിലുള്ള ബ്രെസയുടെ അടിസ്ഥാന ഡിസൈൻ ഘടകങ്ങൾ നിലനിർത്തിയാകും പുതിയ മോഡൽ ഒരുങ്ങുക. ഹാർടെക് പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന വാഹനത്തിൽ സുസുക്കിയുടെ മൈൽഡ് ഹൈബ്രിഡ് സാങ്കേതിക വിദ്യയും ലഭിച്ചേക്കും.
ഇന്റീരിയറിൽ കൂടുതൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം. കാറിന്റെ സ്ഥലസൗകര്യവും ബുട്ട് സ്പെയ്സും വർദ്ധിക്കും. നിലവിലെ ബ്രെസയിൽ ഉപയോഗിക്കുന്ന 1.5 ലീറ്റർ പെട്രോൾ എൻജിൻ തന്നെയായിരിക്കും പുതിയ എസ്യുവിയിലും. കൂടാതെ മാരുതിയുടെ പുതിയ 1.5 ലീറ്റർ ഡീസൽ എൻജിൻ ബ്രെസയിൽ ലഭിക്കുമെന്നാണ് റിപ്പോർട്ട്.






