
തിരുവനന്തപുരം: ഓണക്കിറ്റില്‍ മായം കലര്‍ന്ന പപ്പടം നല്‍കിയതിനു കരിമ്പട്ടികയിലായ ഹഫ്സര്‍ ട്രേഡിങ് കമ്പനിക്കു വീണ്ടും കരാര്‍ നല്കി സപ്ളൈകോ. പ്രതിമാസക്കിറ്റിനായി ഇക്കുറി നല്കിയതു പഞ്ചസാരയ്ക്കുള്ള കരാര്‍. 8000 ക്വിന്റല്‍ പഞ്ചസാരയ്ക്കു തിരുവനന്തപുരത്തെ ഹഫ്സര്‍ കമ്പനിക്കു കരാര്‍ നല്‍കിയതില്‍ വന്‍ക്രമക്കേട്.
ആദ്യഘട്ടത്തില്‍ 4800, രണ്ടാംഘട്ടത്തില്‍ 3200 ക്വിന്റല്‍ പഞ്ചസാരയ്ക്കാണ് ഓര്‍ഡര്‍. ഓണക്കിറ്റില്‍ ഇവര്‍ നല്കിയ നിലവാരമില്ലാത്ത പപ്പടം ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന റിപ്പോര്‍ട്ട് 'മംഗള'മാണു പുറത്തുകൊണ്ടുവന്നത്. തുടര്‍ന്ന് സപ്ളൈകോ ഇവര്‍ക്കു ടെന്‍ഡറില്‍ പങ്കെടുക്കാന്‍ മൂന്നുമാസം വിലക്കേര്‍പ്പെടുത്തിയിരുന്നു. വിലക്ക് മാറിയയുടന്‍ ടെന്‍ഡറില്‍ ഉള്‍പ്പെടുത്തി പഞ്ചസാരയ്ക്കു കരാര്‍ നല്‍കുകയായിരുന്നു.
ഹഫ്സറില്നിന്നു പിഴ ഈടാക്കാനുള്ള നടപടി നടന്നുവരുകയാണെന്നാണു നിയമസഭയില്‍ അന്‍വര്‍ സാദത്തിന്റെ ചോദ്യത്തിനു മന്ത്രി പി. തിലോത്തമന് നല്കിയ മറുപടി. അങ്ങനെയെങ്കില്‍, നടപടി നേരിടുന്ന കമ്പനിക്കുതന്നെയാണു വീണ്ടും കരാര്‍ നല്‍കിയത്.
ഓണക്കിറ്റിലെ നിലവാരമില്ലാത്ത ശര്‍ക്കരയുടെ പേരില്‍ നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കോഴിക്കോട്, അരുണാചല ഇംപെക്സ് പ്രൈവറ്റ് ലിമിറ്റഡ് ചെെന്നെ, ബാല്‍സണ്‍ എന്റര്‍പ്രൈസസ് കോഴിക്കോട്, എ.വി.എന്‍. ട്രേഡ് വെഞ്ചേഴ്സ് ഈറോഡ്, മാര്‍ക്കറ്റ് ഫെഡ് കൊച്ചി, കോനൂപ്പറമ്പന്‍ ട്രേഡേഴ്സ് തൃശൂര്‍ എന്നീ കമ്പനികള്‍ക്കെതിരേ സപ്ളൈകോ ഒരുവര്‍ഷം വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, സമാനകുറ്റത്തിനു ഹഫ്സറിന് ഏര്‍പ്പെടുത്തിയതു മൂന്നുമാസത്തെ വിലക്ക് മാത്രം.






