ബജാജ് ഓട്ടോ തങ്ങളുടെ മോട്ടോർസൈക്കിൾ ശ്രേണിയിലെ പ്രധാന മോഡലുകളായ ഡോമിനാർ 400ന്റെയും 250യുടെയും വില വീണ്ടും കൂട്ടിയതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആണ് ആദ്യം വില കൂട്ടിയത്. ഇപ്പോൾ ഈ വർഷത്തെ ആദ്യ വിലക്കയറ്റമാണിത്. ബിഎസ്6 ബജാജ് ഡോമിനാർ 400 2020 ഏപ്രിൽ വില്പനക്കെത്തുമ്പോൾ 1,91,751 രൂപയായിരുന്ന എക്സ്-ഷോറൂം വില. സെപ്റ്റംബറിൽ 1,96,258 രൂപയായി വില വർദ്ധിച്ചിരുന്നു. ഇപ്പോൾ 3,500 രൂപയോളം കൂടി 1,99,755 ആണ് എക്സ്-ഷോറൂം വിലയെന്നാണ് സൂചന.
അതേസമയം, കഴിഞ്ഞ വർഷം മാർച്ചിൽ എത്തിയ ഡോമിനാർ 250-യുടെ വില 1.60 ലക്ഷം രൂപയിൽ നിന്നും 1,64,218 രൂപയും സെപ്റ്റംബറിൽ വർദ്ധിപ്പിച്ചിരുന്നു. ഇപ്പോൾ 3,500 രൂപ വർദ്ധിപ്പിച്ചതോടെ 1,67,718 ആണ് പുതിയ എക്സ്-ഷോറൂം വില. ഒറോറ ഗ്രീൻ, വൈൻ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ബജാജ് ഡോമിനാർ 400 സ്വന്തമാക്കാം. 39 ബിഎച്ച്പി പവറും 35 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 373.2 സിസി എൻജിൻ ആണ് ഡോമിനാർ 400-ന്.
കെടിഎമ്മിന്റെ 250 ഡ്യൂക്കിൽ പ്രവർത്തിക്കുന്ന അതെ എൻജിൻ ആണ് ഡോമിനാർ 250യിലും. 8,500 ആർപിഎമ്മിൽ 26 ബിഎച്ച്പി കരുത്തും 6,500 ആർപിഎമ്മിൽ 23.5 എൻഎം പീക്ക് ടോർക്കുമാണ് 248.8 സിസി എൻജിൻ കെടിഎം 250 ഡ്യൂക്കിൽ ഉത്പാദിപ്പിക്കുന്നത്. ഡോമിനാർ 250-യിൽ സ്ലിപ്പർ ക്ലച്ചുമായി ചേർന്ന് പ്രവർത്തിക്കുന്ന 6-സ്പീഡ് ട്രാൻസ്മിഷൻ ആണ്. കാൻയൻ റെഡ്, വൈൻ ബ്ലാക്ക് എന്നിങ്ങനെ രണ്ടു നിറങ്ങളിൽ ആണ് ഡോമിനാർ 250 വില്പനക്കെത്തിയിരിക്കുന്നത്. 132 കിലോമീറ്റർ പരമാവധി വേഗതയാണ് ഡൊമിനാർ 250-യ്ക്ക്. പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത എത്തിപ്പിടിക്കാൻ 10.5 സെക്കൻഡ് മതി.






