ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി ജനുവരി 21-ന് കര്‍ഷകരുമായി ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനും പങ്കെടുക്കാമെന്ന് സമിതി അംഗം അനില്‍ ഖന്‍വട് പറഞ്ഞു. നേരിട്ടെത്താന്‍ ബുദ്ധിമുട്ടുള്ള കര്‍ഷക സംഘടനാ പ്രതിനിധികള്‍ക്ക് വിഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ചയില്‍ പങ്കെടുക്കാം.
സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയില്‍ നിന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് ഭൂപീന്ദര്‍ സിംഗ് മാന്‍ രാജിവച്ചിരുന്നു. ഈ സാഹചര്യത്തില്‍ മറ്റ് മൂന്നു പേരായ ശേത്കാരി സംഘാടന്‍ പ്രസിഡന്റ് അനില്‍ ഖന്‍വട്, ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സൗത്ത് ഏഷ്യ ഡയറക്ടര്‍ പ്രമോദ് കുമാര്‍ ജോഷി, കാര്‍ഷിക സാമ്പത്തിക വിദഗ്ധന്‍ അശോക് ഗുലാത്തി എന്നിവര്‍ സമിതിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് രൂപരേഖ തയ്യറാക്കാന്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കുക. എന്നാല്‍ സമിതി പുനസംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടന സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സമിതിയില്‍ ഉള്ളവര്‍ കാര്‍ഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നവരാണെന്നാണ് വാദം.
അതേസമയം റിപ്പബ്ലിക ദിനത്തില്‍ ദേശീയ പതാകയുമായി ട്രാക്ടര്‍ റാലി നടത്താന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവനസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരുമായി കര്‍ഷക സംഘടനകള്‍ നടത്തിയ ഒമ്പതാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.






