
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ജർമൻ വാഹന നിർമ്മാതാക്കളായ ബിഎംഡബ്ള്യുവിന്റെ ഇരുചക്ര വാഹന ഡിവിഷൻ ബിഎംഡബ്ള്യു മോട്ടോറാഡ് പുതിയ ജി 310 ആർ, ജി 310 ജിഎസ് മോഡലുകളുടെ പരിഷ്ക്കരിച്ച പതിപ്പ് വില്പനക്കെത്തിച്ചത്. ചില പരിഷ്കാരങ്ങളോടെ 64,000 രൂപ വരെ വിലക്കുറച്ച് എത്തിയതായിരുന്നു ജി 310 ആർ, ജി 310 ജിഎസ് മോഡലുകൾ. ഇപ്പോൾ ജി 310 ആർ, ജി 310 ജിഎസ് മോഡലുകളുടെ വില ബിഎംഡബ്ള്യു മോട്ടോറാഡ് ഇന്ത്യ വർദ്ധിപ്പിച്ചതായി റിപ്പോർട്ട്.
ബിഎംഡബ്ള്യു മോട്ടോറാഡ് ഇന്ത്യ 5000 രൂപയാണ് കൂട്ടിയിരിക്കുന്നത്. ജി 310 ആറിന് 2.50 ലക്ഷവും, ജി 310 ജിഎസ്സിന് 2.90 ലക്ഷവുമാണ് പുതിയ എക്സ്-ഷോറൂം വില. പുത്തൻ എൽഇഡി ഹെഡ്ലാംപ് ബൈക്കിൽ പ്രധാന ഹൈലൈറ്റ് ആണ്. എൽഇഡി ലൈറ്റ് ആണ് ടെയിൽ ലാമ്പിനും ഇൻഡിക്കേറ്ററുകൾക്കും. ഇരു ബൈക്കുകളിലും സ്വർണ നിറത്തിലുള്ള മുൻ സസ്പെൻഷൻ ഫോർക്ക്, 5-സ്പോക്ക് അലോയ് വീലുകൾ എന്നിവ മാറ്റമില്ലാതെ തുടരുന്നുണ്ട്. ഷാർപ് ആയ ഫ്ലൈലൈൻ, വിൻഡ് ഷീൽഡ്, പൊങ്ങി നിൽക്കുന്ന മുൻപിലെ മഡ്ഗാർഡ്, ഉയർന്ന പിൻ അസംബ്ലി എന്നിവയാണ് ജി 310 ജിഎസ് മോഡലിന്റെ ഫീച്ചറുകൾ.
ലൈംസ്റ്റോൺ മെറ്റാലിക് (സ്റ്റൈൽ സ്പോർട്ട്), പോളാർ വൈറ്റ്, കോസ്മിക് ബ്ലാക്ക് എന്നീ പുത്തൻ 3 നിറങ്ങളിലാണ് ജി 310 ആർ ലഭ്യമാണ്. പ്ലെയിൻ പോളാർ വൈറ്റ്, റാലി സ്റ്റൈൽ, 40 യിയേഴ്സ് ജിഎസ് എഡിഷൻ എന്നിങ്ങനെ മൂന്ന് പതിപ്പുകളിൽ ആണ് ജി 310 ജിഎസ് വാങ്ങാൻ സാധിക്കുക. 9,500 ആർപിഎമ്മിൽ 34 ബിഎച്ച്പി പവറും, 7,500 ആർപിഎമ്മിൽ 28 എൻഎം ടോർക്കും ആണ് ജി 310 ബൈക്കുകളിലെ 313 സിസി സിംഗിൾ-സിലിണ്ടർ എൻജിൻ നിർമ്മിക്കുക.






