
ഗംഭീര മേക്ക് ഓവറിലൂടെ തെരുവില്‍ അലഞ്ഞ് തിരിഞ്ഞ് നടന്നയാള്‍ക്ക് കിട്ടിയത് സ്വന്തം കുടുംബത്തെ തന്നെയായിരുന്നു. ജോവോ കോയല്‍ഹോ ഗുയിമാറീസ് എന്ന 45വയസുകാരന്റെ ജീവിതത്തിലാണ് അദ്ഭുതം സംഭവിച്ചത്. വീട് വിട്ട് വര്‍ഷങ്ങളായി തെരുവില്‍ അലഞ്ഞ് നടക്കുന്ന ജീവിതമായിരുന്നു ജോവോയുടേത്. ഒരു ദിവസം ബാര്‍ബര്‍ ഷോപ്പില്‍ ചെന്ന് ഇദ്ദേഹം താടിയൊന്ന് വടിക്കാന്‍ സാധിക്കുമോ എന്ന് ചോദിച്ചു. പിന്നീട് ഇദ്ദേഹത്തിന്റെ ജീവിതം തന്നെ മാറി മറിഞ്ഞ സംഭവങ്ങളായിരുന്നു നടന്നത്.
''അദ്ദേഹം കടയില്‍ വന്നു. വിശക്കുന്നുണ്ടോ, എന്തെങ്കിലും കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നൊക്കെ ഞങ്ങള്‍ ചോദിച്ചു. പക്ഷേ, അദ്ദേഹം ഒന്നും വേണ്ട എന്ന് പറഞ്ഞു. പകരം താടി വെട്ടാന്‍ ഒരു റേസര്‍ ഉണ്ടോ എന്ന് ഞങ്ങളോട് ചോദിച്ചു. അപ്പോഴാണ് ഞങ്ങള്‍ക്ക് ഒരു ആശയം തോന്നിയത്. സ്റ്റോറിലെ എല്ലാവരും ചേര്‍ന്ന് ഒരു മെയ്ക്ക് ഓവര്‍ നടത്താന്‍ തീരുമാനിച്ചു'' - മെയില്‍സ് വോഗ് റീട്ടെയിലര്‍ ആന്‍ഡ് ബാര്‍ബര്‍ സര്‍വീസ് ഉടമ അലസ്സാന്‍ഡ്രോ ലോബോ പറഞ്ഞു.
തുടര്‍ന്ന് ഒരു ഗംഭീര മേക്ക് ഓവറാണ് അവര്‍ നടത്തിയത്. ജോവോയുടെ മുടി വെട്ടി, താടി വടിച്ചു, കുളിപ്പിച്ചു. പുതിയ വസ്ത്രങ്ങളും ധരിപ്പിച്ചു. ഇതോടെ കിടിലന്‍ ഗെറ്റപ്പിലായി ജോവോ മാത്രമല്ല ഈ മാറ്റത്തിന്റെ വിഡിയോയും ചിത്രങ്ങളും അവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ജോവോയുടെ കുടുംബത്തെ തന്നെ തിരിച്ചു കൊടുക്കാന്‍ സാധിക്കുകയായിരുന്നു ഈ മറ്റത്തിലൂടെ. ജോവോയുടെ ചിത്രങ്ങള്‍ കണ്ട കുടുംബം 10 വര്‍ഷമായി മരിച്ചെന്ന് കരുതിയ ജോവോയെ തേടി എത്തുകയായിരുന്നു.
'' ഞങ്ങള്‍ അദ്ദേഹത്തെ സഹായിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ രണ്ട് മാസമായി ഞങ്ങള്‍ അദ്ദേഹവുമായി ചങ്ങാത്തത്തിലാണ്. ഞങ്ങള്‍ അദ്ദേഹത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു. അദ്ദേഹത്തെ മാറ്റിയെടുക്കാന്‍ രണ്ട് മണിക്കൂറെടുത്തു. എന്നാല്‍, എല്ലാം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തെ അത്ഭുതം കാണണമായിരുന്നു. നന്ദി കൊണ്ട് അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി ജോവോ കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു. ഡിസംബര്‍ 17 -ന് അദ്ദേഹത്തെ കാണാന്‍ അദ്ദേഹത്തിന്റെ അമ്മയും പെങ്ങളും എത്തി. ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഒരു വലിയ സമ്മാനമാണ് ഈ ക്രിസ്മസ് കാലം അദ്ദേഹത്തിനായി ഒരുക്കിവച്ചിരുന്നത്. നഷ്ടമായ തന്റെ ജീവിതവും, കുടുംബവും തിരികെ കിട്ടിയ സന്തോഷത്തിലാണ് അദ്ദേഹം ഇന്ന്.'' - അലസ്സാന്‍ഡ്രോ പറഞ്ഞു.






