
സാധാരണ പനിക്കു ചികിത്സ തേടുന്നവരെയും കോവിഡിന്റെ പേരില്‍ പിഴിഞ്ഞ് സ്വകാര്യാശുപത്രികള്‍. കോവിഡിന്റെ ലക്ഷണങ്ങളിലൊന്നായതിനാല് പനിയുള്ളവരെ പ്രത്യേക ഫീവര്‍ ക്ലിനിക്കില്‍ പ്രവേശിപ്പിക്കുകയാണു ചെയ്യുന്നത്. ഇതിന് ഈടാക്കുന്നത് ആയിരക്കണക്കിനു രൂപ. ഡോക്ടറും നഴ്സും ധരിക്കുന്ന പി.പി.ഇ. കിറ്റിന്റെ ചെലവടക്കമാണു രോഗികളില്‍നിന്ന് പിടിച്ചുപറിക്കുന്നത്.
കോട്ടയം നഗരപ്രാന്തത്തിലുള്ള ഒരു പഞ്ചായത്തിലെ ആശുപത്രിയില്‍ കോവിഡ് പരിശോധനയ്ക്കു സര്‍ക്കാര്‍ നിശ്ചയിച്ച തുകയുടെ ഇരട്ടി ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അധികൃതരോടു വിശദീകരണം തേടി. പരാതികളേത്തുടര്‍ന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. ലാബിലെത്തുന്നവരില്നിന്ന് ആന്റിജന്‍ പരിശോധനയ്ക്ക് 600-650 രൂപയാണ് ഈടാക്കിയിരുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് 300 രൂപ മാത്രമാണ്.
കോവിഡ് ലാബ് ടെക്നീഷ്യന്മാര് പരമാവധി ആറുമണിക്കൂറേ ഒരേ പി.പി.ഇ. കിറ്റണിഞ്ഞ് സ്രവം ശേഖരിക്കാവൂ എന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. എന്നാല്‍, ഈ ആശുപത്രിയില്‍ മൂന്നുദിവസം വരെ ഒരേ കിറ്റണിഞ്ഞ് ലാബ് ടെക്നീഷ്യന്മാര് പ്രവര്‍ത്തിക്കുന്നുവെന്നും പരാതിയുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് അന്വേഷണമാരംഭിച്ചു. ജില്ലയിലെ ചില ആശുപത്രികളില്‍ കോവിഡിന്റെ പേരില്‍ ഒ.പി. ടിക്കറ്റിനു 100 രൂപ അധികമായി വാങ്ങുന്നുവെന്നും പരാതിയുണ്ട്. സംസ്ഥാനസര്‍ക്കാര്‍ ഇളവ് പ്രഖ്യാപിക്കുന്നതിനു മുമ്പുള്ള പരിശോധനാ കിറ്റാണ് ഉപയോഗിക്കുന്നതെന്നാണു ചില ലാബുടമകളുടെ ന്യായം!
സ്വകാര്യാശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരെ കോവിഡ് ലക്ഷണങ്ങളില്ലെങ്കിലും പരിശോധനയ്ക്കു വിധേയരാക്കുന്നുണ്ട്. ഐ.സി.യുവില്‍ കിടക്കുന്നവര്‍ക്കും അവരെ സന്ദര്‍ശിക്കുന്നവര്‍ക്കും പരിശോധന നിര്‍ബന്ധം. 100-150 രൂപയായിരുന്ന കണ്സള്ട്ടേഷന് ഫീസ് 300-350 രൂപവരെയായി ഉയര്‍ത്തി. ശേഖരിച്ച സ്രവം സര്‍ക്കാര്‍ ലാബുകളിലേക്ക് അയച്ചാലും സ്വകാര്യ ലാബിലെന്നു തെറ്റിദ്ധരിപ്പിച്ചും ഉയര്‍ന്ന ബില്‍ നല്കുന്നു. മുറി വൃത്തിയാക്കുന്ന ജീവനക്കാരുടെ പി.പി.ഇ. കിറ്റ്, ൗസ് തുടങ്ങിയവയ്ക്കും ചില ആശുപത്രികള്‍ പണം ഈടാക്കുന്നു.
കാസര്‍ഗോഡ് ജില്ലയില്‍ പി.പി.ഇ. കിറ്റിന്റെ പേരില്‍ 1000 രൂപവരെ അധികം ഈടാക്കുന്ന ലാബുകളുണ്ട്. കാഞ്ഞങ്ങാട്ടെ ഒരു ലാബില്‍ പി.സി.ആര്. പരിശോധനയ്ക്ക് 600 രൂപയാണ് അധികമായി ഈടാക്കുന്നത്. പരിശോധനാസംവിധാനങ്ങള്‍ വാങ്ങിയതിന്റെ പണം മുതലായില്ലെന്നാണ് ഉടമയുടെ ന്യായീകരണം. കോഴിക്കോട്ടെ സ്വകാര്യ ലാബിന്റെ കാസര്‍ഗോട്ടെ കളക്ഷന്‍ സെന്ററുകളും കൊള്ളലാഭമാണ് ഈടാക്കുന്നത്. ദുബായ് ആരോഗ്യമന്ത്രാലയം അംഗീകരിച്ച ലാബെന്ന പേരിലാണു കൊള്ള. വിദേശത്തു പോകാന്‍ പരിശോധന നടത്തിയ നീലേശ്വരം സ്വദേശി 8000 രൂപ നല്കി കുടുംബത്തിലെ നാലുപേര്‍ക്ക് പരിശോധന നടത്തി. പരിശോധനാഫലം വന്നപ്പോള്‍ എല്ലാവരും രോഗബാധിതര്‍. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോള്‍ എല്ലാവരും നെഗറ്റീവ്! പി.സി.ആര്. പരിശോധനയ്ക്ക് അംഗീകൃതനിരക്ക് 1500 രൂപയാണെങ്കിലും പ്രവാസികളില്‍നിന്ന് ഈടാക്കുന്നത് 2000 രൂപ.
കോവിഡ് പരിശോധനയ്ക്ക് ആലപ്പുഴ നഗരത്തിലെ ലാബുകളില്‍ വ്യത്യസ്തനിരക്കുകളാണ് ഈടാക്കുന്നത്. ആന്റിജന്‍ പരിശോധനാനിരക്ക് 300 രൂപയായി സര്‍ക്കാര്‍ നിജപ്പെടുത്തിയശേഷം ചില ലാബുകള്‍ പരിശോധനതന്നെ നിര്‍ത്തി. ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് അടുത്തുള്ള ഒരു ലാബില്‍ ബന്ധപ്പെട്ടപ്പോള്‍, ഒരാള്‍ക്കാണോ ഒന്നിലേറെപ്പേര്ക്കാണോ പരിശോധന എന്നറിയിച്ചാലേ നിരക്ക് പറയാനാകൂവെന്നായിരുന്നു പ്രതികരണം. ഒരാള്‍ക്കാണെന്ന് അറിയിച്ചപ്പോള്‍ ആര്.റ്റി.പി.സി.ആര്. പരിശോധനയ്ക്ക് 2100 രൂപയാകുമെന്നായിരുന്നു മറുപടി.
പരിശോധനാനിരക്ക് പുതിയത് (ബ്രായ്ക്കറ്റില്‍ പഴയനിരക്ക്)
ഠ ആര്.ടി.പി.സി.ആര്. ഓപ്പണ്‍- 1500 (2750)
ഠ എക്സ്പര്‍ട്ട് നാറ്റ്- 2500 (3000 )
ഠ ട്രൂ നാറ്റ്- 1500 (3000)
ഠ ആര്.ടി. ലാബ്- 1150
ഠ റാപ്പിഡ് ആന്റിജന്‍- 300 (625)






