സ്വീഡിഷ് ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോയുടെ പ്രീമിയം സെഡാന് മോഡല്‍ എസ് 60യുടെ മൂന്നാം തലമുറ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 45.9 ലക്ഷം രൂപ ആണ് എക്സ്ഷോറും വില. ഇന്ത്യൻ വിപണിയിൽ ഔഡി എ4, ബി.എം.ഡബ്ല്യു ത്രി സീരീസ്, മെഴ്സ്ഡസ് ബെന്‍സ് സി-ക്ലാസ് എന്നീ വാഹനങ്ങളായിരിക്കും എതിരാളികൾ.
ഈ വാഹനത്തിന്റെ ഡെലിവറി മാര്‍ച്ച് മാസം പകുതിയോടെ ആയിരിക്കും ആരംഭിക്കുക. എസ്60-യുടെ ഓണ്‍ലൈന്‍ ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഈ വാഹനം യൂറോ എന്‍ക്യാപ് ക്രാഷ്ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങും സ്വന്തമാക്കിയിട്ടുണ്ട്. പുതുതലമുറ എസ്60 വോള്‍വോയുടെ സ്കാലബിള്‍ പ്രൊഡക്ട് ആര്‍ക്കിടെക്ചര്‍ പ്ലാറ്റ്ഫോമിലാണ് ഒരുങ്ങിയിരിക്കുന്നത്. മൂന്നാം തലമുറ മോഡലില്‍ ഡീസല്‍ എന്ജിന് നല്‍കിയേക്കില്ലെന്നാണ് റിപ്പോർട്ട്. പുതിയ എസ്60-യില്‍ 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും നല്‍കുക. ഇത് 160 ബി.എച്ച്.പി പവറും 300 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഓട്ടോമാറ്റിക്കായിരിക്കും ഇതിലെ ട്രാന്സ്മിഷന്.
മുന്‍വശത്തെ പ്രധാന പുതുമ തോര്‍ ഹാമര്‍ എല്‍.ഇ.ഡി ഡി.ആര്.എല്‍ ആയിരിക്കും. മസ്കുലര്‍ ഭാവമുള്ള ബംമ്പര്‍, വോള്‍വോ സിഗ്നേച്ചര്‍ ഗ്രില്ല്, എല്‍.ഇ.ഡി ഹെഡ്ലാമ്പുകള്‍, എന്നിവ മുഖഭാവത്തിനും, സി ഷേപ്പിലുള്ള ടെയ്ല്‍ലാമ്പ്, സ്പോര്‍ട്ടി ബംമ്പര്‍ തുടങ്ങിയവ പുതുതലമുറ എസ്60-യുടെ പിന്‍ഭാഗത്തെയും ഫീച്ചറുകളാണ്. വയര്‍ലെസ് ചാര്‍ജിങ്ങ്, പനോരമിക് സണ്‍റൂഫ്, ഫോര്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ഹര്‍മാന്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ ഇന്റീരിയറിൽ ഒരുങ്ങുന്നു.






