
ചെക്ക് വാഹന നിര്‍മാതാക്കളായ സ്കോഡയുടെ സെഡാന് മോഡലായ റാപ്പിഡിന്റെ റൈഡര്‍ എന്ന വേരിയന്റിന്റെ 2020-ലെ മുഴുവന്‍ യൂണിറ്റും വര്‍ഷം അവസാനിക്കുന്നതിന് മുമ്പുതന്നെ വിറ്റുത്തീര്ന്നിരുന്നു. എന്നാൽ, ഈ വാഹനത്തിന്റെ അടിസ്ഥാന മോഡലായ റൈഡര്‍ എന്ന വേരിയന്റ് വീണ്ടും ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. 7.79 ലക്ഷം രൂപ എക്സ്ഷോറും വിലയിലാണ് വാഹനം എത്തുന്നത്.
കഴിഞ്ഞ വർഷം യൂണിറ്റുകള്‍ വിറ്റു തീര്‍ന്നതോടെ ഈ വേരിയന്റ് താത്കാലികമായി സ്കോഡയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്തിരുന്നു. പ്രൊഡക്ഷനെക്കാള് കൂടുതല്‍ ഡിമാന്റ് ഈ വേരിയന്റിന് ലഭിച്ചതായി കമ്പനി മേധാവി അറിയിച്ചിരുന്നു. 108 ബി.എച്ച്.പി പവറും 175 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടി.എസ്.ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് റാപ്പിഡില്‍ ഉള്ളത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമാണ് വാഹനത്തിൽ ട്രാന്സ്മിഷന് ഒരുക്കുന്നത്.
2021 മോഡല്‍ റൈഡര്‍ വേരിയന്റ് കാര്യമായ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് വരുന്നത്. ബ്ലുടൂത്ത് കണക്ടിവിറ്റിയുള്ള ഓഡിയോ പ്ലെയര്‍, എ.ബി.എസ്, ഡ്യുവല്‍ എയര്‍ബാഗ്, ഓട്ടോ ക്ലൈമറ്റ് കണ്ട്രോള്, പാര്‍ക്ക്ട്രോണിക് സെന്‍സര്‍, ഡിഫോഗര്‍, ഇലക്ട്രോണിക്കലി അഡ്ജസ്റ്റബിള് റിയര്‍വ്യൂ മിറര്‍ എന്നിവ ചില പ്രധാന ഫീച്ചറുകള്‍ ആണ്.






