
ന്യൂഡല്‍ഹി: മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്ക് 'ഇസഡ് പ്ലസ്' സുരക്ഷ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. നിലവില്‍ രാജ്യസഭാംഗമായ ഡല്‍ഹി പോലീസ് സുരക്ഷയാണുണ്ടായിരുന്നത്. ഇസഡ് പ്ലസ് സുരക്ഷ നല്‍കുന്നതോടെ ഇനി ലഭിക്കുക സി.ആര്.പി.എഫ്. സുരക്ഷയാണ്.
ഇസഡ് പ്ലസ് സുരക്ഷ ലഭിക്കുന്ന 63-ാമത്തെ വ്യക്തിയാണ് രഞ്ജന്‍ ഗോഗോയ്. നവംബര്‍ 29-നാണ് ഗോഗോയ് വിരമിക്കുന്നത്. തുടര്‍ന്ന് സര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ധേശം ചെയ്യുകയായിരുന്നു. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റാതെയാണ് ഗോഗോയ് എം.പി.യായി സ്ഥാനമേറ്റത്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സ്വീകരിക്കാന്‍ താല്പര്യമില്ലെന്ന് വ്യക്തമാക്കി 2020 മാര്‍ച്ച് 24ന് ഗൊഗോയി രാജ്യസഭ സെക്രട്ടറി ജനറലിന് കത്തെഴുതിയിരുന്നതിനാലാണ് ഇത്.
യാത്രാബത്തയും താമസച്ചെലവും ഒഴികെ, ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സ്വീകരിക്കാന്‍ താല്പര്യപ്പെടുന്നില്ലെന്നും സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ തുടര്‍ന്നും കൈപ്പറ്റാനാണ് താല്പര്യപ്പെടുന്നതെന്നും ഗൊഗോയി കത്തില്‍ വ്യക്തമാക്കിയിരുന്നു. വിരമിച്ച ചീഫ് ജസ്റ്റിസിനുള്ള പെന്ഷന് എന്ന നിലയില്‍ 82,301 രൂപയാണ് പ്രതിമാസം ഗൊഗോയിക്ക് ലഭിക്കുന്നത്. ഇപ്പോള്‍ ഗോഗോയുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇസഡ് പ്ലസ് സുരക്ഷ നല്‍കുന്നത്.




