
2021ൽ ഗ്രീവ്സ് കോട്ടണ്‍ ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് മൊബിലിറ്റി സബ്സിഡിയറിയായ ആംപിയര്‍ ഇലക്ട്രിക് പുതിയ നാഴികക്കല്ലുകള്‍ താണ്ടി കുതിക്കുന്നു. റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഇതുവരെ 75,000 ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ നിര്‍മ്മാതാക്കള്‍ വിറ്റഴിച്ചു.
കമ്പനിയുടെ 300-ാമത്തെ ഷോറൂം ഇന്ത്യയില്‍ ആരംഭിക്കുന്ന പ്രഖ്യാപനത്തിനൊപ്പമാണ് പുതിയ വില്‍പ്പന നാഴികക്കല്ലിനെക്കുറിച്ചുള്ള റിപ്പോർട്ടും കമ്പനി പുറത്തുവിടുന്നത്. ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തില്‍ നിലവില്‍ 20 ശതമാനം വിപണി വിഹിതമുണ്ടെന്ന് ആംപിയര്‍ അവകാശപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ ലഘൂകരിച്ചതു മുതല്‍ കമ്പനി 80 ഡീലര്‍ഷിപ്പ് ഔട്ട് ലെറ്റുകള്‍ നെറ്റ്വര്ക്കില് ചേര്‍ത്തിട്ടുണ്ടെന്ന് ആംപിയര്‍ പറയുന്നു. കമ്പനി കഴിഞ്ഞ 18 മാസത്തിനുള്ളില്‍ മാഗ്നസ് പ്രോ, റിയോ എലൈറ്റ് തുടങ്ങിയ ഇലക്ട്രിക് ടൂ വീലറുകള്‍ വിപണിയിൽ എത്തിച്ചു.
''ഇപ്പോള്‍ 75,000 അധികം ഉപഭോക്താക്കളും രാജ്യത്ത് 300 ഡീലര്‍മാരുമുണ്ട് ആംപിയറിന്റെ കുടുംബത്തിൽ. ആംപിയറില്, താങ്ങാനാവുന്നതും വിശ്വസനീയവുമായ ഇ-മൊബിലിറ്റി സൊല്യൂഷനുകളിലേക്ക് പ്രവേശനം നല്കാന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്," ആംപിയര്‍ ഇലക്ട്രിക്കിലെ സിഒഒ പി.സഞ്ജീവ് പറയുന്നു. കഴിഞ്ഞ വർഷം ഡിസംബറില്‍ കമ്പനിയുടെ പുതിയ ചീഫ് ടെക്നോളജി ഓഫീസറായും (CTO) മാനുഫാക്ചറിംഗ് മേധാവിയായും തിരുപ്പതി ശ്രീനിവാസനെ നിയമിച്ചതായി റിപ്പോർട്ടുണ്ട്.






