പത്തനംതിട്ട: ചീട്ടുകളിക്കുന്നതിനിടെ പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് വീണു മരിച്ചു. 43കാരനായ വിനോദ് എന്നയാളാണ് മരിച്ചത്. വിനോദും മറ്റു മൂന്നു പേരും ചേർന്ന് കൈപ്പട്ടൂർ നരിയാപുരം ഇണ്ടിളയപ്പൻ ക്ഷേത്രത്തിനു സമീപമുള്ള പുരയിടത്തിൽ ചീട്ടുകളിക്കുകയായിരുന്നു.
പോലീസ് എത്തിയപ്പോൾ എല്ലാവരും രക്ഷപെട്ടു. രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സമീപവാസിയാണ് റബർ തോട്ടത്തിൽ വിനോദിനെ അബോധാവസ്ഥയിൽ കാണുന്നത്. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
അതെ സമയം, ചീട്ടുകളി സംഘത്തിലെ നാല് പേരിൽ വിനോദ് ഉണ്ടായിരുന്നില്ലെന്നും പൊലീസിനെ കണ്ട് ഭയന്നോടിയതല്ലെന്നുമാണ് പത്തനംതിട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ ജി സിനിൽ പറഞ്ഞത്. കസ്റ്റഡിയിലെടുത്ത രണ്ടുപേരെ ജാമ്യത്തിൽ വിട്ടെന്നും മറ്റു രണ്ടുപേരെ ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.






