
തിരുവനന്തപുരം: കടയ്ക്കാവൂര്‍ പോക്സോ കേസിന്റെ അന്വേഷണ ചുമതല തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഡോ. ദിവ്യ വി. ഗോപിനാഥിനെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ. ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അഡീഷണല്‍ എസ്പി ഇ.എസ്. ബിജുമോന് അന്വേഷണത്തിന് ആവശ്യമായ സഹായം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേസില്‍ കുട്ടിയുടെ അമ്മയ്ക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘം രൂപവത്കരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. കേസിന്റെ ഇനിയുള്ള അന്വേഷണം ഒരു വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ ആയിരിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. ഇതേത്തുടര്‍ന്നാണ് കേസ് ഡി.സി.പി. ദിവ്യയിലേക്കെത്തിയത്. കേസ് പരിഗണിച്ച കോടതി മാതൃത്വത്തിന്റെ പവിത്രത ചോദ്യംചെയ്യപ്പെട്ട കേസാണിതെന്നും നിരീക്ഷിച്ചു.






