
ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി അടുത്ത മാസം 4ന് ഇന്ത്യൻ വിപണിയിലേക്ക് പുത്തൻ 5ജി സ്മാർട്ട്ഫോൺ ശ്രേണിയായ റിയൽമി X7 അവതരിപ്പിച്ചേക്കും. റിയൽമി X7 5ജി എന്ന അടിസ്ഥാന മോഡലും റിയൽമി X7 5ജി പ്രോ എന്ന പ്രീമിയം മോഡലും X7 ശ്രേണിയിൽ ഉൾപ്പെടുന്നു.
റിയൽമി X7 5ജി ചൈനയിൽ റിയൽമി അടുത്തിടെ അവതരിപ്പിച്ച റിയൽമി V15 എന്ന ഫോണിന്റെ റീബ്രാൻഡഡ് പതിപ്പാണ് എന്നാണ് സൂചന. റിയൽമി X7 5ജി പ്രോ സെപ്റ്റംബറിൽ ആഗോള വിപണിയിൽ എത്തിയ അതെ ഫോൺ ആണ്. ഫെബ്രുവരി 4ന് ഉച്ചയ്ക്ക് 12.30-നാണ് റിയൽമി X7 5ജി ശ്രേണിയുടെ ലോഞ്ച്. ഫ്ലിപ്പ്കാർട്ടിൽ തയ്യാറാക്കിയിരിക്കുന്ന മൈക്രോ സൈറ്റിൽ പുത്തൻ ഫോണുകളെപ്പറ്റിയുള്ള വിവരങ്ങൾ നൽകിയിട്ടുണ്ട്.
സൂപ്പർ അമോലെഡ് ഫുൾ എച്ച്ഡി ഡിസ്പ്ലേയാണ് റിയൽമി X7 5ജിയ്ക്ക്. 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് റിയൽമി X7 5ജിയ്ക്ക്. മീഡിയടെക് ഡൈമെൻസിറ്റി 800 U SoC ആയിരിക്കും പ്രോസസ്സർ. 6 ജിബി റാം, 8 ജിബി റാം എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് റിയൽമി X7 5ജി വിപണിയിലെത്തുക. നെബുല, സ്പേസ് കളർ ഓപ്ഷനുകളിൽ റിയൽമി X7 5ജി വാങ്ങാൻ സാധിക്കും. ഫോണിൽ 50W സൂപ്പർഡാർട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,300mAh ബാറ്ററിയാണ് ഉള്ളത്.
റിയൽമി X7 5ജി പ്രോയിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള സൂപ്പർ അമോലെഡ് ഡിസ്പ്ലേ ആണ് ലഭിക്കുന്നത്. 65W സൂപ്പർഡാർട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് റിയൽമി X7 5ജി പ്രോയ്ക്ക്. മീഡിയടെക് ഡൈമെൻസിറ്റി 1000+ SoC പ്രോസസ്സർ ആണ് ഫോണിന്റെ കരുത്ത്. 64 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾക്കൊള്ളുന്ന ക്വാഡ് റിയർ ക്യാമറയാണ് ഫോണിൽ. 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2 മെഗാപിക്സൽ പോർട്രെയിറ്റ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയാണ് മറ്റുള്ള ക്യാമെറകൾ. 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഫോണിനുണ്ട്.






