
കൊച്ചി: വിവരാവകാശ കമ്മിഷന്റെയും സര്‍ക്കാര്‍ ഉത്തരവുകളും സര്‍ക്കുലറുകളും ലഭ്യമാക്കുന്ന ഐ.ടി. മിഷന്റെയും വെബ്സൈറ്റുകള്‍ നിലച്ചിട്ട് രണ്ടാഴ്ച. സംസ്ഥാന വിവരാവകാശ കമ്മിഷന്റെ പോര്‍ട്ടലില്‍ ലോഗ് ഇന്‍ ചെയ്യുമ്പോള്‍ കിട്ടുന്ന മറുപടി: ''സൈറ്റ് അറ്റകുറ്റപ്പണിയില്‍ ആണ്. താങ്കളുടെ ക്ഷമയ്ക്കു നന്ദി''. ഐടി മിഷന്റെ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താല്‍ കിട്ടുക ''സര്‍ക്കുലറുകള്‍ താല്‍ക്കാലികമായി ലഭ്യമല്ല'' എന്ന്.
റാങ്ക് ലിസ്റ്റുകളെ മറികടന്ന് താല്ക്കാലിക്കാരെ സ്ഥിരപ്പെടുത്തുന്നതും പുതിയ താല്‍ക്കാലിക ഒഴിവുകള്‍ സൃഷ്ടിച്ചു തല്പരരെ തിരുകിക്കയറ്റുന്നതും വ്യാപകമാണെന്ന പരാതിയുര്ന്നിരിക്കെ വെബ്സൈറ്റുകളുടെ പ്രവര്‍ത്തനം നിലച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് വിവരാവകാശ പ്രവര്‍ത്തകരുടെ ആരോപണം. വിവരാവകാശ അപ്പീലുകളുടെ കുത്തൊഴുക്ക് അധികൃതര്‍ക്കു തലവേദനയുണ്ടാക്കുന്നെന്നാണ് കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ എ.എന്‍. ഷംസീറിന്റെ ചോദ്യത്തിനു മുഖ്യമന്ത്രി മറുപടി നല്‍കിയത്. എന്നാല്‍, വകുപ്പുകളില്‍നിന്നു കൃത്യമായ വിവരങ്ങള്‍ കിട്ടാതെ വരുമ്പോഴാണ് അപ്പീലുകള്‍ പെരുകുന്നതെന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ ജേക്കബ് സന്തോഷ് പറയുന്നു.
സര്‍ക്കാരിന്റെ ഹെലികോപ്ടര്‍ ഉപയോഗമടക്കമുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്നില്ല. ഉത്തരവുകളും സര്‍ക്കുലറുകളും സൈറ്റില്‍ ലഭ്യമാകാതെ വരുമ്പോള്‍ പരാതികള്‍ കൂടുന്നതു സ്വഭാവികമാണെന്നും സന്തോഷ്. വെബ്സൈറ്റുകള്‍ സാങ്കേതികപ്പിഴവില്‍ ആണെന്നാണ് വകുപ്പുകളില്‍ നിന്നുള്ള മറുപടി. എന്നാല്‍, നവംബറില്‍ വിരമിക്കുംമുമ്പ് വിവരാവകാശ കമ്മിഷന്റെ വെബ്സൈറ്റ് നവീകരിച്ചിരുന്നെന്ന് മുന്‍ സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ വിന്‍സെന്‍ എം. പോള്‍ പ്രതികരിച്ചു.






