
തിരുവനന്തപുരം: കോവിഡ് നിർണയത്തിനുള്ള ആന്റിജൻ പരിശോധനക്കെതിരെ ഉണ്ടായ ആക്ഷേപത്തിന് മറുപടിയുമായി ആരോഗ്യ വകുപ്പ്.
സംസ്ഥാനത്തു നടക്കുന്ന പരിശോധന അപര്യാപ്തമെന്നാണ് ഉയർന്നു വന്ന ആരോപണം.
സംസ്ഥാനത്ത് കോവിഡ് പടരാൻ കാരണം കൃത്യത കുറഞ്ഞ ആന്റിജൻ പരിശോധനയെ അമിതമായി ആശ്രയിച്ചതാണെന്നായിരുന്നു
ആരോഗ്യരംഗത്തുള്ളവർ തന്നെ ഉന്നയിച്ച ആരോപണം. ആന്റിജൻ പരിശോധയിൽ രോഗമില്ലെന്നു കണ്ടെത്തുകയും എന്നാൽ, രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നവരെ മാത്രം ആർ.ടി.പി.സി.ആർ. പരിശോധന നടത്തിയാൽ മതിയെന്നുള്ള രീതി ഫലപ്രദമാണെന്നാണ് ആരോഗ്യവകുപ്പ് ആവർത്തിക്കുന്നത്.
പരിശോധനയിൽ രോഗാണുവാഹകരെ കണ്ടെത്തുന്ന അത്ര വേഗത്തിൽ സമ്പർക്കത്തിലുള്ളവരെ ക്വാറന്റീനിലാക്കാനും രോഗപ്പകർച്ച തടയാനുമാകുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. പ്രതിദിന കോവിഡ് നിർണയ പരിശോധന ഒരു ലക്ഷമാക്കുമെന്നും അതിൽ 75 ശതമാനം കൃത്യതകൂടിയ ആർ.ടി.പി.സി.ആർ. പരിശോധനയായിരിക്കുമെന്നും മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.






