
തിരുവനന്തപുരം: ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം ബിജെപിയുടെ ബൗദ്ധിക വിഭാഗം തലവൻ ഡോ.ആർ. ബാലശങ്കർ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാട്ടിലേക്ക്. ചെങ്ങന്നൂരില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ താല്‍പ്പര്യപ്രകാരം കേരളത്തില്‍ എത്തുന്ന ബാലശങ്കര്‍ ചെങ്ങന്നൂരിൽ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായിട്ടാണ് വിവരം.
ബിജെപിയുടെ ദേശീയ നേതൃത്വത്തിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ബാലശങ്കർ കേരളത്തിൽ പ്രവർത്തിക്കണമെന്ന താൽപര്യം മോദി ഉൾപ്പെടെ ദേശീയ നേതൃത്വം അറിയിച്ചിരിക്കുകയാണ്. ആർഎസ്എസ് മുഖപത്രമായ ദി ഓർഗനൈസറിന്റെ എഡിറ്ററായി ദീർഘകാലം പ്രവർത്തിച്ച ബാലശങ്കര്‍ നരേന്ദ്രമോഡിയെക്കുറിച്ചും ആര്‍എസ്എസിനെക്കുറിച്ചും പുസ്തകം ഉള്‍പ്പെട്ട ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി ഏല്പ്പിച്ചയാളാണ്.
പത്രപ്രവര്‍ത്തകനായി മൂന്ന് പതിറ്റാണ്ട് മുമ്പ് ഡല്‍ഹിയില്‍ എത്തിയ ബാലശങ്കര്‍ ദേശീയനേതൃത്വത്തിനൊപ്പം പ്രവര്‍ത്തിച്ചു വരികയായിരുന്നു.
അടിയന്തരാവസ്ഥ കാലത്തെ തങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചു പുസ്തകമെഴുതാൻ ആർഎസ്എസ് ചുമതലപ്പെടുത്തിയത് ബാലശങ്കറിനെയാണ്. നരേന്ദ്രമോഡിയെക്കുറിച്ച് എഴുതിയ ‘നരേന്ദ്ര മോദി, ക്രിയേറ്റീവ് ഡിസ്റപ്റ്റർ’ എന്ന പുസ്തകം 8 ഭാഷകളിലാണ് ബിജെപി പുറത്തിറക്കിയത്.






