
ശ്രീകാകുളം : അനാഥ മൃതദേഹം ചുമലിലേറ്റി രണ്ട് കിലോമീറ്ററോളം നടന്ന് പൊലീസ് ഉദ്യോഗസ്ഥ. ശ്രീകാകുളത്തെ കാശിബുഗ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ആയ കെ ശ്രീഷയാണ് ഏവര്‍ക്കും മാതൃകയാകുന്ന പ്രവൃത്തി ചെയ്തത്. ശ്രീഷയ്ക്കൊപ്പം ഗ്രാമത്തിലെ രണ്ടു പേര് കൂടി ചേര്‍ന്നാണ് മൃതദേഹം സംസ്കരിക്കാനായി കൊണ്ടു പോയത്.
തിങ്കളാഴ്ച്ചയാണ് ആന്ധ്രപ്രദേശിലെ ശ്രീകാകളുത്തുള്ള അദവി കൊത്തൂര്‍ ഗ്രാമത്തില്‍ അജ്ഞാത മൃതദേഹം വഴിയരികില്‍ കണ്ടത്. സബ് ഇന്‍സ്പെക്ടര്‍ സ്ഥലത്തെത്തിയതിന് ശേഷമാണ് യാചകനാണ് മരിച്ചതെന്നും അസുഖബാധിതനായിരുന്നുവെന്നും അറിയുന്നത്. മൃതദേഹം സംസ്കരിക്കാന്‍ പ്രദേശവാസികള്‍ ആരും തയ്യാറായില്ല. തുടര്‍ന്നാണ് ശ്രീഷ മൃതദേഹം ചുമക്കാന്‍ തയ്യാറായത്. മണിക്കൂറുകളോളം മൃതദേഹം വഴിയരികില്‍ കിടക്കുകയായിരുന്നു.
സഹായത്തിന് ഗ്രാമത്തിലുള്ളവരോട് ഉദ്യോഗസ്ഥ ആവശ്യപ്പെട്ടെങ്കിലും ആദ്യം ആരും തയ്യാറായില്ല. പിന്നീട് രണ്ട് പേര് കൂടി ശ്രീഷയുടെ സഹായത്തിന് എത്തി. ലളിത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് മൃതദേഹത്തിന്റെ അന്ത്യ കര്‍മങ്ങള്‍ നടത്തിയത്. മൃതദേഹവുമായി പൊലീസ് ഉദ്യോഗസ്ഥ നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി പേര് ശ്രീഷയ്ക്ക് അഭിനന്ദനവുമായി എത്തി. ശ്രീഷയെ ഡിജിപി ഗൗതം സാവങ്ങും അഭിനന്ദിച്ചിരുന്നു.






