
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന് എം.പിയെ വിമര്‍ശിച്ചതില്‍ ക്ഷമ ചോദിച്ച് ഷാനിമോള്‍ ഉസ്മാന് എം.എല്‍.എ. സുധാകരനോട് ഫോണില്‍ സംസാരിക്കാതെ പോലും പെട്ടെന്ന് പ്രതികരിച്ചത് തന്റെ പിഴവാണ്. മുന്‍പ് മന്ത്രി ജി.സുധാകരന് തനിക്കെതിരെയും വി.എസ് അച്യുതാനന്ദന് ലതികാ സുഭാഷിശനതിരെയും വിജയരാഘവന് രമ്യ ഹരിദാസിനെതിരെയും നടത്തിയ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഉണ്ടാക്കിയ മനപ്രയാസവും പ്രതിഷേധവും മായാതെ നില്‍ക്കുന്നതുകൊണ്ടാണ് തന്റെ പാര്‍ട്ടിയില്‍ നിന്ന് ആരും ഇത്തരത്തില്‍ പ്രതികരിക്കരുതെന്ന് ആഗ്രഹിച്ചതെന്നും ഷാനിമോള്‍ ഉസ്മാന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏറെ പിന്തുണയും പ്രോത്സാഹനവും നല്‍കുകയും അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയത്തിനു വേണ്ടി ദിവസങ്ങളോളം പ്രവര്‍ത്തിക്കുകയും ചെയ്തയാളാണ് സുധാകരന്. പ്രതികരണത്തിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുണ്ടായ പ്രയാസത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു, താന്ന് നടത്തിയ പ്രതികരണത്തില്‍ പാര്‍ട്ടിയുടെ ഒരു നേതാവിനും യാതൊരു ബന്ധവുമില്ല എന്നും അറിയിക്കുന്നു, ഈ വിവാദം ഇവിടെ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു- ഷാനിമോള്‍ ഫെയ്സബുക്കില്‍ പറയുന്നു.
ഷാനിമോള്‍ നടത്തിയ വിമര്‍ശനത്തില്‍ കടുത്തഭാഷയിലാണ് സുധാകരന് തിരിച്ചടിച്ചത്. സി.പി.എം നേതാക്കള്‍ക്ക് പോലുമില്ലാത്ത എന്തു മാനസിക പ്രയാസമാണ് മുഖ്യമന്ത്രിയെ കുറിച്ച് പറയുമ്പോള്‍ ഷാനിമോള്ക്കുണ്ടായതെന്നും സുധാകരന് വിമര്‍ശിച്ചു. തനിക്കെതിരായ നീക്കത്തിനു പിന്നില്‍ തന്റെ അധ്യക്ഷ പദവി തട്ടിത്തെറിപ്പിച്ചവര്‍ തന്നെയാണെന്നും അത് ആരൊക്കെയണെന്നു അറിയാമെന്നും സുധാകരന് പിന്നീട് പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയും
സുധാകരന് പറഞ്ഞതില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രിയുടെ ധൂര്‍ത്തിനെയാണ് സുധാകരന് വിമര്‍ശിച്ചതെന്നും ചെന്നിത്തല ഇന്നു പറഞ്ഞിരുന്നു. സുധാകരനെ താന്‍ തള്ളിപ്പറഞ്ഞിട്ടില്ല. മറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. സുധാകരന് അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നാണ് ഇന്നലെ ചെന്നിത്തല പ്രതികരിച്ചത്.
ഷാനിമോള്‍ ഉസ്മാന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
കഴിഞ്ഞ ദിവസം ഞാൻ ബഹുമാന്യ ശ്രീ കെ സുധാകരൻ എം പി നടത്തിയ ഒരു പ്രസംഗത്തോടനുബന്ധിച്ചു ഒരു ചാനലിൽ നൽകിയ പ്രതികരണം വലിയ വിവാദമായതിൽ വലിയ വിഷമമുണ്ട്. മന്ത്രി ശ്രീ സുധാകരൻ എന്നെയും ശ്രീ V. S ലതികാ സുഭാഷിനെയും ശ്രീ വിജയരാഘവൻ രമ്യ ഹരിദാസ് എം. പി യേയും കൂടാതെ നിരവധി വ്യക്തിപരമായ പരാമർശങ്ങൾ ഞാനടക്കം ഉള്ളവർക്കുണ്ടാക്കിയിട്ടുള്ള മനപ്രയാസവും പ്രതിഷേധവും മായാതെ നിൽക്കുന്നത് കൊണ്ട്, എന്റെ പാർട്ടിയുടെ ആരും ഇത്തരത്തിൽ പ്രതികരിക്കരുതെന്ന് ആഗ്രഹിച്ചിരുന്നു, ആയതിനാൽ ബഹു. K. സുധാകരൻ എംപി യോട് ഒന്ന് ഫോണിൽ സംസാരിക്കാതെ പോലും പെട്ടെന്ന് പ്രതികരിച്ചത് എന്റെ പിഴവാണ്. എന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏറെ പിന്തുണയും പ്രോത്സാഹനവും നൽകുകയും അരൂർ ബൈ ഇലക്ഷനിൽ പോലും ദിവസങ്ങളോളം എന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്ത ബഹു കെ സുധാകരൻ അവർക്കൾക്കുണ്ടായ വ്യക്തിപരമായ പ്രയാസത്തിൽ ഞാൻ ക്ഷമ ചോദിക്കുന്നു ഒപ്പം എന്റെ പ്രതികരണത്തിലൂടെ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമുണ്ടായ പ്രയാസത്തിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു, ഞാൻ നടത്തിയ പ്രതികരണത്തിൽ പാർട്ടിയുടെ ഒരു നേതാവിനും യാതൊരു ബന്ധവുമില്ല എന്നും അറിയിക്കുന്നു, ഈ വിവാദം ഇവിടെ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു






