റിയൽമി X7, പ്രോ 5ജി സ്മാർട്ട്ഫോൺ വിപണിയിൽ എത്തി. റിയൽമി X7 5ജി എന്ന അടിസ്ഥാന മോഡലും റിയൽമി X7 5ജി പ്രോ എന്ന പ്രീമിയം മോഡലും ചേർന്നതാണ് റിയൽമി X7 ശ്രേണി. 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം+ 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ എത്തുന്ന റിയൽമി X7-ന് യഥാക്രമം 19,999 രൂപ, 21,999 എന്നിങ്ങനെയാണ് വില. അതേസമയം 8 ജിബി റാം+ 128 ജിബി സ്റ്റോറേജ് പതിപ്പിൽ മാത്രം ലഭ്യമായ റിയൽമി X7 പ്രോ പതിപ്പിന് 29,999 രൂപയാണ് വില.
റിയൽമി X7 5ജി നെബുല, സ്പേസ് സിൽവർ എന്നീ നിറങ്ങളിൽ വാങ്ങാവുന്നതാണ്. ഫോണിന്റെ വില്പന ഈ മാസം 12-ാം തിയതി മുതൽ ഫ്ലിപ്കാർട്ട്, റിയൽമി വെബ്സൈറ്റുകൾ വഴി ആരംഭിക്കുമെന്നാണ് സൂചന. പ്രോ പതിപ്പിന്റെ വില്പന മാസം 10-ാം തിയതി മുതൽ ആരംഭിക്കും. ഫാന്റസി, മിസ്റ്റിക് ബ്ലാക്ക് നിറങ്ങളിൽ ഇത് വില്പനക്കെത്തിയിരിക്കുന്നു. റിപ്പോർട്ട് പ്രകാരം ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് റിയൽമി X7 ഫോണുകൾ വാങ്ങുമ്പോൾ 2,000 രൂപയുടെ ക്യാഷ്ബാക്കും, ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ വാങ്ങുമ്പോൾ 1,500 രൂപയുടെ ക്യാഷ്ബാക്കും ലഭിച്ചേക്കും.
റിയൽമി X7 5ജി ആൻഡ്രോയിഡ് 10 അടിസ്ഥാനമായ റിയൽമി UI ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. ഉടൻ പുറത്തിറങ്ങുന്ന റിയൽമി UI 2.0 അപ്ഡേയ്റ്റ് സ്മാർട്ട്ഫോണിന് ലഭിക്കും. 6.4 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്സൽ) സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഫോണിന് . 180Hz ടച്ച് സാമ്പിൾ റേറ്റും 600 നിറ്റ് പീക്ക് ബ്രൈറ്റ്നെസ്സുമുണ്ട് ഡിസ്പ്ലേയ്ക്ക്. മാലി-ജി 57 എംസി 3 ജിപിയുവുമായി ചേർന്ന പ്രവർത്തിക്കുന്ന മീഡിയടെക് ഡൈമെൻസിറ്റി 800 U 5ജി SoC പ്രോസസ്സർ ആണ് സ്മാർട്ട്ഫോണിന്. 4,310mAh ബാറ്ററിയാണ് റിയൽമി X7 5ജിയ്ക്ക്.
റിയൽമി X7 പ്രോ 5ജിയ്ക്ക് 120Hz റിഫ്രഷ് റേറ്റ്, 240 Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 91.6 ശതമാനം സ്ക്രീൻ-ടു-ബോഡി റേഷ്യോ എന്നിവയുള്ള 6.55 ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയാണ്. ആൻഡ്രോയിഡ് 10 അടിസ്ഥാനമായ റിയൽമി UI ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആണ് പ്രവർത്തിക്കുന്നത്. 65W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് റിയൽമി X7 പ്രോ 5ജിയ്ക്ക്. ഫോണിന്റെ കരുത്ത് ഒക്ടാ കോർ ഡൈമെൻസിറ്റി 1000+ SoC പ്രോസസറും മാലി-ജി 77 ഗ്രാഫിക്സുമാണ്. 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം ആണ് ഹാൻഡ് സെറ്റിന്.






