
എച്എംഡി ഗ്ലോബലിന്റെ ഉടമസ്ഥതയിലുള്ള ഫിന്നിഷ് സ്മാർട്ട്ഫോൺ ബ്രാൻഡ് നോക്കിയ തങ്ങളുടെ മിഡ് റേഞ്ച് സെഗ്മെന്റിലേക്ക് ഈ മാസം 10-ന് 3.4 സ്മാർട്ട്ഫോൺ അവതരിപ്പിക്കുമെന്ന് സൂചന. എന്നാൽ പുത്തൻ റിപോർട്ടുകൾ പ്രകാരം 3.4 സ്മാർട്ട്ഫോണിനൊപ്പം 5.4-ഉം നോക്കിയ അവതരിപ്പിച്ചേക്കും.
ചാർക്കോൾ, ഡസ്ക്, ഫിജോഡ് എന്നിങ്ങനെ മൂന്നു നിറങ്ങളിൽ നോക്കിയ 3.4 വിപണിയിലെത്തിയേക്കുമെന്നാണ് സൂചന. സെപ്റ്റംബറിൽ യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ച നോക്കിയ 3.4-ന് 159 യൂറോ (ഏകദേശം 13,800 രൂപ) ആണ് വില. നോക്കിയ 3.4-യ്ക്ക് 6.3 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയാണ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 460 പ്രോസസ്സ് ആയിരിക്കും ഫോണിൽ. സ്റ്റോക്ക് ആൻഡ്രോയിഡ് 10 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം എങ്കിലും ആൻഡ്രോയിഡ് 11 ലഭ്യമാവുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. യൂറോപ്യൻ വിപണിയിൽ 3 ജിബി റാം, 4 ജിബി റാം എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് നോക്കിയ 3.4 എത്തിയിട്ടുള്ളത്. 64 ജിബി ഓൺബോർഡ് സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെയായി വർദ്ധിപ്പിക്കാം.
4,000 എംഎഎച്ച് ബാറ്ററിയായിരിക്കും ഫോണിൽ. 13 മെഗാപിക്സൽ പ്രൈമറി സെൻസർ, 5 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ പ്രൈമറി സെൻസർ എന്നിവയടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് നോക്കിയ 3.4-ൽ. 8 മെഗാപിക്സൽ സെൽഫി ക്യാമെറയുമുണ്ട്. ഡ്യുവൽ സിം സപ്പോർട്ട്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, സ്റ്റാൻഡേർഡ് 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, ബ്ലൂടൂത്ത് 4.2 എന്നിവയാണ് നോക്കിയ 3.4-ന്റെ മറ്റ് ഫീച്ചറുകൾ.
അതേസമയം, 4 ജിബി റാം + 64 ജിബി സ്റ്റോറേജ്, 4 ജിബി റാം + 128 ജിബി സ്റ്റോറേജ്, 6 ജിബി റാം + 64 ജിബി സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് പതിപ്പുകളിൽ നോക്കിയ 5.4 വിപണിയിലെത്തിയേക്കും. 6.39 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേയാണ് നോക്കിയ 5.4-യ്ക്ക്. 4,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ പായ്ക്ക് ചെയ്യുന്നത്. നോക്കിയ 5.4-ന്റെ വില 16,900 രൂപ മുതൽ ആരംഭിക്കാനാണ് സാദ്ധ്യത. 48 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ക്വാഡ് റിയർ ക്യാമറയാണ് നോക്കിയ 5.4ൽ. മുൻവശത്ത് 16 മെഗാപിക്സൽ സെൽഫി ക്യാമറയും ലഭിച്ചേക്കും.






