
പുതിയ 2021 മോഡൽ ടൊയോട്ട ഹിലക്സ് പിക്കപ്പിനെ യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട. പുതിയ ടൊയോട്ട AT35 മോഡൽ ഇൻവിൻസിബിൾ X വേരിയന്റിൽ ലഭ്യമായ 2.8 ലിറ്റർ ഡബിൾ ക്യാബ് മോഡലാണ്. ഓഫ്-റോഡ് മികവ് വർധിപ്പിക്കുന്നതിന് ഹിലക്സ് നിരവധി മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറൻസ് 65 മില്ലീമീറ്റർ കൂട്ടി. അപ്റോച്ച്, ഡിപ്പാർച്ചർ കോണുകളും യഥാക്രമം 9 ഡിഗ്രിയും 3 ഡിഗ്രിയും ആക്കി. പിക്കപ്പിന്റെ ഓഫ്-റോഡ് കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്താനായി പുതിയ 17 ഇഞ്ച് ചക്രങ്ങളും ബീഫിയർ 35 ഇഞ്ച് ബിഎഫ് ഗുഡ്റിച്ച് KO2 ഓൾ-ടെറൈൻ ടയറുകളും നൽകിയിരിക്കുന്നു. 2021 ടൊയോട്ട AT35 ഹിലക്സ് പിക്കപ്പിൽ ബിൽസ്റ്റൈൻ സസ്പെൻഷനും മുൻവശത്ത് കസ്റ്റം സ്പ്രിംഗുകളും ഡാംപറുകളും, പുതുക്കിയ ആന്റി-റോൾ ബാർ, വിപുലീകരിച്ച പരിഷ്ക്കരിച്ച റിയർ ഡാംപറുകൾ ലഭ്യമാണ്.
2021 മോഡലിന് കരുത്തേകുന്നത് 2.8 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിനാണ്. ഇത് 198 bhp പവറിൽ 500 Nm ടോർക്കും ഉത്പാദിപ്പിക്കുമെന്നാണ് റിപ്പോർട്ട്. എഞ്ചിൻ ഒരു ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഓഫ്-റോഡ് സംവിധാനവും ഫോർ വീൽ ഡ്രൈവ് ലോ, ഫോർ വീൽ ഡ്രൈവ് ഹൈ, ടു വീൽ ഡ്രൈവ് ഹൈ മോഡുകളും 2021 ടൊയോട്ട AT35 ഹിലക്സിൽ ഉണ്ട്. ഇന്ത്യൻ വിപണിയിലേക്കും ടൊയോട്ട ഹിലക്സിനെ എത്തിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്.






