
ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് രഹ്ന ഫാത്തിമയ്ക്ക് കേരള ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു.
മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ച കേസില്‍ വിചാരണ കഴിയും വരെ പ്രസിദ്ധീകരണങ്ങളിലൂടെയോ ഇലക്ട്രോണിക്, സാമൂഹിക മാധ്യമങ്ങളിലൂടെയോ അഭിപ്രായ പ്രകടനം നടത്തുന്നതിനാണ് രഹ്ന ഫാത്തിമയ്ക്ക് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്.
ഭരണഘടന ഉറപ്പ് നല്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ഹൈക്കോടതി വിധി എന്നായിരുന്നു രഹ്ന ഫാത്തിമയുടെ വാദം. രഹ്ന ഫാത്തിമയുടെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും ബി.ജെ.പി നേതാവ് രാധാകൃഷ്ണ മേനോനും സുപ്രീംകോടതി നോട്ടീസ് അയച്ചു. അതെ സമയം, ഹൈക്കോടതി രഹന ഫാത്തിമയ്ക്ക് ഏര്‍പ്പെടുത്തിയ മറ്റ് നിബന്ധനകള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല.






