
ആരോഗ്യത്തിന് ഏറെ ആശങ്ക ഉയര്‍ത്തുന്ന വേനല്‍ക്കാലം വരവായി. പൊതുവേ ശരീരബലം കുറഞ്ഞിരിക്കുന്ന കാലമാണ് വേനല്‍. അതിനാല്‍ ഇക്കാലത്തെ കത്തിജ്വലിക്കുന്ന സൂര്യകിരണങ്ങളില്‍നിന്നും രക്ഷനേടാന്‍ ചില മുന്‍കരുതലുകള്‍ സ്വീകരിച്ചേ പറ്റൂ.
ഈ അവസ്ഥയില്‍ ആയുര്‍വേദം ചില ചിട്ടകള്‍ അനുശാസിക്കുന്നു. ശിശിരം, വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം എന്നീ ആറ് ഋതുക്കളില്‍ അന്തരീക്ഷത്തിലും ശരീരത്തിലും ഉണ്ടാകുന്ന മാറ്റങ്ങള്‍, അതിനനുസരിച്ച് നാം പിന്തുടരേണ്ട ജീവിതചര്യകള്‍ ഇവയെക്കുറിച്ച് ആയുര്‍വേദഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുണ്ട്. ഗ്രീഷ്മത്തില്‍ (വേനല്‍) കണ്ടുവരുന്ന രോഗങ്ങളെക്കുറിച്ചും അവ ഒഴിവാക്കാന്‍ പാലിക്കേണ്ട ജീവിതചട്ടങ്ങളെക്കുറിച്ചും ഇതില്‍ പറയുന്നുണ്ട്.
നിര്‍ജലീകരണം തടയണം
ശരീരം തണുപ്പിക്കുന്നതിനുള്ള ശരീരത്തിന്റെ തന്നെ സ്വാഭാവിക പ്രതികരണമാണ് വിയര്‍പ്പ്. എന്നാല്‍ ചൂടുകാലത്തുണ്ടാകുന്ന വിയര്‍പ്പുമൂലം ശരീരത്തിലെ ജലാംശം കുറഞ്ഞ് നിര്‍ജലീകരണം എന്ന അവസ്ഥയുണ്ടാകുന്നു. വിയര്‍പ്പിലൂടെ ജലാംശത്തോടൊപ്പം സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങളും നഷ്ടപ്പെടുന്നു. തന്മൂലം ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നു. ഇത് പരിഹരിക്കുന്നതിനായി ധാരാളം വെള്ളം കുടിക്കുക. ഒറ്റയടിക്ക് കുറേ വെള്ളം കുടിക്കാതെ അല്പാല്പമായി ഇടവിട്ട് കുടിക്കുക. വേനല്‍ കാലത്ത് തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
1. കരിക്കിന്‍വെള്ളം, ഉപ്പിട്ട നാരങ്ങാവെള്ളം ഇവ ക്ഷീണം പെട്ടെന്ന് ശമിപ്പിക്കുന്നു. ലവണനഷ്ടം പരിഹരിക്കാനും ഇത് സഹായിക്കുന്നു.
2. കൊത്തമല്ലി ചതച്ച് തണുത്തവെള്ളത്തില്‍ തലേദിവസം ഇട്ടുവച്ച് പിറ്റേദിവസം അരിച്ച് പഞ്ചസാര ചേര്‍ത്ത് കുടിക്കുന്നത് അത്യുഷ്ണത്തിന് ശമനമേകും.
3. മലര്‍പ്പൊടിയും പഞ്ചസാരയും വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നത് ക്ഷീണമകറ്റുന്നതിന് സഹായിക്കുന്നു.
മൂത്രാശയരോഗങ്ങള്‍
മൂത്രസംബന്ധ രോഗനിരക്ക് വര്‍ദ്ധിച്ചു കാണുന്നത് വേനല്‍ക്കാലത്താണ്. മൂത്രത്തിന് ചൂട് അനുഭവപ്പെടുക, അളവ് കുറയുക, മഞ്ഞനിറം കാണുക ഇവ ചൂടുകാലത്ത് കണ്ടുവരുന്ന ലക്ഷണങ്ങളാണ്. ശരീരത്തിന് ആവശ്യമായ വെള്ളം ഇല്ല എന്നുള്ളതിന്റെ സൂചനയാണിത്.
1. രാമച്ചം ശുദ്ധജലത്തില്‍ ഇട്ടു കുടിക്കാന്‍ ഉപയോഗിക്കാം.
2. തഴുതാമ, ഞെരിഞ്ഞില്‍ ഇവയില്‍ ഏതെങ്കിലും ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൂത്രാശയരോഗങ്ങള്‍ ഒഴിവാക്കുന്നതിന് സഹായിക്കുന്നു.
3. കൂവനൂറ് പാലില്‍ ചേര്‍ത്ത് ദിവസവും കഴിക്കുന്നത് ശരീരത്തിന്റെ ചൂടും പുകച്ചിലും കുറയ്ക്കുന്നു.
4. വൃക്കരോഗികള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആഹാരാദികളില്‍ മാറ്റം വരുത്തേണ്ടതാണ്.
പകര്‍ച്ചവ്യാധികള്‍
വേനലില്‍ ജലാശയങ്ങള്‍ വറ്റിവരളുന്നതിനാല്‍ ശുദ്ധജലക്ഷാമം വര്‍ധിക്കുന്നു. കുടിവെള്ളസ്രോതസുകള്‍ മലിനപ്പെടുന്നു. അതിനാല്‍ കാമല (മഞ്ഞപ്പിത്തം), ഛര്‍ദ്ദി, ടൈഫോയ്ഡ്, അതിസാരം, കോളറ എന്നിവ പടരാനുള്ള സാധ്യത ഏറെയാണ്.
വായുജന്യരോഗങ്ങളായ ചിക്കന്‍പോക്സ്, അഞ്ചാംപനി, ചെങ്കണ്ണ് എന്നിവയും വേനല്‍കാലത്ത് പടര്‍ന്നുപിടിക്കാറുണ്ട്. അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ ആസ്ത്മ, അലര്‍ജി, ശ്വാസകോശരോഗങ്ങള്‍ എന്നിവയുടെ തീവ്രത വര്‍ധിക്കുന്നു.
1. പകര്‍ച്ചവ്യാധികള്‍ തടയാന്‍ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക.
2. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. തുറന്നുവച്ചതും പഴകിയതുമായ ആഹാരസാധനങ്ങള്‍ ഉപയോഗിക്കരുത്.
3. ഭക്ഷണത്തിനുമുന്‍പും മലവിസര്‍ജനശേഷവും സോപ്പിട്ട് കൈകഴുകുക.
4. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി വൈദ്യസഹായം തേടുക. ചിക്കന്‍പോക്സ്, അഞ്ചാംപനി ഇവ വന്നാല്‍ രോഗിക്ക് പ്രത്യേക ചികിത്സാസൗകര്യം നല്‍കുക.
5. ശുദ്ധജലം ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കണ്ണ് കഴുകുക. ഇളനീര്‍കുഴമ്പ് നിത്യേന കണ്ണിലെഴുതുന്നത് ചെങ്കണ്ണ് ചൊറിച്ചില്‍ തുടങ്ങിയ നേത്രരോഗങ്ങള്‍ ഒഴിവാക്കുന്നതിന് സഹായിക്കും.








