ന്യൂഡല്‍ഹി: ലഡാക്കിലെ ഗാല്‍വാനില്‍ ഉണ്ടായ ഇന്ത്യ-ചാന സൈനികരുടെ സംഘര്‍ഷത്തില്‍ 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ വാര്‍ത്ത ഏജന്‍സി. എന്നാല്‍ സംഘര്‍ഷത്തില്‍ എത്ര സൈനികര്‍ കൊല്ലപ്പെട്ടിരുന്നു എന്ന് ചൈന ഒദ്യോഗികമായ വിവരങ്ങള്‍ പുറത്തു വിട്ടിരുന്നില്ല. കഴിഞ്ഞ വര്‍ഷം ജൂണിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്കും 45 ചൈനീസ് സൈനികര്‍ക്കും ജീവന് നഷ്ടപ്പെട്ടുവെന്ന് റഷ്യന്‍ വാര്‍ത്ത ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു.
ഗാല്‍വാന്‍ താഴ്വരയില് നടന്ന സംഘര്‍ഷം നടന്ന ഒന്‍പത് മാസം പിന്നിടുമ്പോഴും ചൈനീസ് അധികൃതര്‍ കൃത്യമായ ആള്‍നാശത്തിന്റെ കണക്കുകള്‍ പുറത്തു വിട്ടിട്ടില്ല. എന്നാല്‍ സംഘര്‍ഷത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടതായി ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. യുഎസില്‍ നിന്നുള്‍പ്പെടെയുള്ള രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ച് വന്ന ചില വാര്‍ത്തകളുമായി സാമ്യപ്പെടുന്നതാണ് റഷ്യന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ ചൈന വാര്‍ത്തകള്‍ നിഷേധിക്കുകയും 40 ല്‍ അദികം സൈനികര്‍ കൊല്ലപ്പെട്ടുവെന്നത് വ്യാജവാര്‍ത്തയാണെന്നും ചൈന വ്യക്തമാക്കി. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഒരു കമാന്‍ഡിങ് ഓഫീസര്‍ ഉള്‍പ്പെടെ ചൈനീസ് സാന്യത്തിന് കൂടുതല്‍ ആളപായമുണ്ടായതായി നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും ചൈന പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.






