
കോട്ടയം: പാലായിലുടക്കി എന്‍സിപി ഇടതുമുന്നണി വിട്ട് യുഡിഎഫിനൊപ്പം പോയാലും ഇല്ലേലും പുതിയ പാര്‍ട്ടിയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. പാലായില്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് മാണി സി കാപ്പന് എന്‍സിപി ദേശീയ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനം നിര്‍ണ്ണായകമായേക്കും.
മുന്നണിയില്‍ തുടരാന്‍ എന്‍സിപി ദേശീയ നേതൃത്വം തീരുമാനിച്ചാല്‍ മാണി സി കാപ്പന് പുതിയ പാര്ട്ടിയുണ്ടാക്കിയേക്കുമെന്നും യുഡിഎഫിനൊപ്പം പോയാല്‍ ശശീന്ദ്രന് പുതിയ പാര്ട്ടിയുണ്ടാക്കിയേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
മുന്നണി വിടാനുള്ള മാണി സി. കാപ്പന് വിഭാഗത്തിന്റെ നീക്കത്തിന് എന്‍.സി.പി. ദേശീയ നേതൃത്വം പച്ചക്കൊടി കാട്ടിയില്ലെങ്കില്‍ കാപ്പനും സംഘവും യു.ഡി.എഫിലെത്തുക കേരള എന്‍.സി.പി. എന്ന പുതിയ പാര്ട്ടിയായിട്ടാകും. ഡല്‍ഹിയില്‍ എന്‍.സി.പി. ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയ സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരനും മാണി സി. കാപ്പനും മുന്നണിമാറ്റം സംബന്ധിച്ച ശരദ് പവാറിന്റെ തീരുമാനം കാക്കുകയാണ്. പവാറും പ്രഫുല്‍ പട്ടേലും കൂടിക്കാഴ്ച നടത്തി ഇന്ന് അന്തിമ തീരുമാനം പ്രഖ്യാപിക്കും.
ഇടതുമുന്നണി വിടാന്‍ എന്‍സിപി ദേശീയ നേതൃത്വം തീരുമാനിച്ചാല്‍ എ കെ ശശീന്ദ്രനും പുതിയ പാര്‍ട്ടി രൂപീകരിച്ച് ഇടതുമുന്നണിയില്‍ തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്. താന്‍ മുന്നണിക്കൊപ്പം നില്‍ക്കുമെന്ന് സിപിഎമ്മിന് ശശീന്ദ്രന് ഉറപ്പും നല്‍കിയിരുന്നു. എന്‍സിപി പാര്‍ട്ടിയായി തന്നെ മുന്നണി വിടുമോ കാപ്പന് ഒറ്റക്ക് പുറത്തേക്ക് പോകുമോ എന്നതാണ് ശശീന്ദ്രന് നോക്കുന്നത്. മാണി സി കാപ്പന് ഒറ്റക്ക് പോയാല്‍ എന്‍സിപിയായി തന്നെ തുടരാനാകും എന്നതാണ് നേട്ടം. പാര്‍ട്ടി മുന്നണി വിട്ടാല്‍ കോണ്‍ഗ്രസ് എസില്‍ ലയിക്കണം എന്നാണ് സിപിഎം മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദേശമെങ്കിലും അത് ഭാവിയില്‍ ജില്ലാകമ്മിറ്റികളുമായി ആലോചിച്ച് തീരുമാനം എടുക്കും.
മാണി സി കാപ്പന് എപ്പോള്‍ വേണമെങ്കിലും ഇടതുമുന്നണി വിടുമെന്ന പ്രതീക്ഷയില്‍ നേരത്തേ തന്നെ ശശീന്ദ്രന് നീക്കം നടത്തിയിരുന്നു. പുതിയ വിഷയത്തില്‍ മാണി സി കാപ്പനെതിരേ എന്‍സിപി ദേശീയ നേതൃത്വത്തിന് ശശീന്ദ്രന് കത്തയച്ചിട്ടുമുണ്ട്. സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെയാണ് മാണി സി കാപ്പന് തീരുമാനം എടുത്തതെന്നാണ് ആരോപണം. ഇടതിനു തുടര്‍ഭരണം ലഭിക്കുമെന്നത് പവാറിനെ ബോധ്യപ്പെടുത്തി മുന്നണിമാറ്റം തടയാനാണ് എ.കെ. ശശീന്ദ്രന് വിഭാഗത്തിന്റെ ശ്രമം.
അതേസമയം പാലാ ഉള്‍പ്പെടെ നാല് സിറ്റിങ് സീറ്റും എല്‍.ഡി.എഫ്. നല്‍കില്ലെന്നും രാജ്യസഭാ സീറ്റ് പ്രതീക്ഷിക്കേണ്ടെന്നും പവാറിനെ കാപ്പന് ധരിപ്പിച്ചിട്ടുണ്ട്. ശശീന്ദ്രന് വിഭാഗം ഒഴികെ എന്‍.സി.പി. കേരള ഘടകത്തെ ഒന്നാകെ യു.ഡി.എഫില്‍ എത്തിക്കാനുള്ള നീക്കത്തിലാണു കാപ്പന്.
കോട്ടയം, പത്തനംതിട്ട, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലാ കമ്മിറ്റികള്‍ കാപ്പനൊപ്പമാണ്. ദേശീയ നേതൃത്വം അനൂകൂലമായാല്‍ ഭൂരിപക്ഷം നേതാക്കളും ജില്ലാ കമ്മിറ്റികളും തങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നാണ് കാപ്പന് വിഭാഗത്തിന്റെ കണക്കുകൂട്ടല്‍. അതേസമയം, യു.ഡി.എഫിലെത്തിയാല്‍ കാപ്പനെ പാലാ മണ്ഡലത്തില്‍ െകെപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിക്കാമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കി. കോണ്‍ഗ്രസ് െഹെക്കമാന്‍ഡ് കാപ്പനെ സ്വാഗതം ചെയ്തതിന്റെ ചുവടുപിടിച്ചാണു മുല്ലപ്പള്ളിയുടെ വാഗ്ദാനം.






