
ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമിയുടെ 5ജി സ്മാർട്ട്ഫോൺ റിയൽമി X7 5ജിയുടെ വില്പന ആരംഭിച്ചു. ഈ മാസം 4-ന് എത്തിയ റിയൽമി X7 5ജി, 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം+ 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് വില്പനക്കെത്തിയിരിക്കുന്നത്. യഥാക്രമം 19,999 രൂപ, 21,999 എന്നിങ്ങനെയാണ് ഫോണിന്റെ വില.
ഫ്ലിപ്കാർട്ട്, റിയൽമി വെബ്സൈറ്റുകൾ വഴിയാണ് വിൽപന ആരംഭിച്ചത്. ലോഞ്ചിന്റെ ഭാഗമായി ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ വാങ്ങുമ്പോൾ 1,500 രൂപയുടെ ക്യാഷ്ബാക്കും ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് റിയൽമി X7 വാങ്ങുമ്പോൾ 2,000 രൂപയുടെ ക്യാഷ്ബാക്കും റിയൽമി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടാതെ, 70 ശതമാനം വിലയ്ക്ക് ഫോൺ വാങ്ങാനും ബാക്കി ഒരു വർഷത്തിന് ശേഷം നൽകാനുമുള്ള അവസരം ഫ്ലിപ്കാർട്ട് സ്മാർട്ട് അപ്ഗ്രേഡ് ഒരുക്കിയിട്ടുണ്ട്. ഇത് വഴി ആദ്യം റിയൽമി X7 5ജി 6 ജിബി + 128 ജിബി വേരിയന്റ് 13,999 രൂപയും 8 ജിബി + 128 ജിബി വേരിയന്റ് 15,399 രൂപയും നൽകി വാങ്ങാവുന്നതാണ്. ബാക്കി തുക പിന്നീട് അടയ്ക്കാവുന്നതാണ്.
6.4 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്സൽ) സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഫോണിന്. 180Hz ടച്ച് സാമ്പിൾ റേറ്റും 600 നിറ്റ് പീക്ക് ബ്രൈറ്റ്നെസ്സുമുണ്ട് ഡിസ്പ്ലേയ്ക്ക്. റിയൽമി X7 5ജി ആൻഡ്രോയിഡ് 10 അടിസ്ഥാനമായ റിയൽമി UI ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നതെങ്കിലും ഉടൻ പുറത്തിറങ്ങുന്ന റിയൽമി UI 2.0 അപ്ഡേയ്റ്റ് സ്മാർട്ട്ഫോണിന് ലഭിക്കും. മാലി-ജി 57 എംസി 3 ജിപിയുവുമായി ചേർന്ന പ്രവർത്തിക്കുന്ന മീഡിയടെക് ഡൈമെൻസിറ്റി 800 U 5ജി SoC പ്രോസസ്സർ ആണ് ഫോണിന്. 65W സൂപ്പർഡാർട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,310mAh ബാറ്ററിയാണ് റിയൽമി X7 5ജിയ്ക്ക്.
64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് റിയൽമി X7 5ജിയ്ക്ക്. 6 മെഗാപിക്സൽ സെൽഫി ക്യാമെറയാണ് ഇതിൽ. 5ജി കൂടാതെ ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ.






