
കൊച്ചി: നിലവില്‍ സര്‍വീസിലുള്ളവര്‍ക്കു കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വീസില്‍ (കെ.എ.എസ്) സംവരണം ബാധകമാക്കിയതിനെതിരേ സമസ്ത നായര്‍ സമാജം സുപ്രീംകോടതിയില്‍. സര്‍ക്കാര്‍ നടപടി സംവരണനയത്തിനു വിരുദ്ധമാണെന്നും ഇരട്ടസംവരണം ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണു പ്രത്യേകാനുമതി ഹര്‍ജി നല്‍കിയത്. സര്‍ക്കാരിന്റെ സംവരണനയം ശരിവച്ച െഹെക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധി ചോദ്യംചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും.
പിന്നാക്ക, മുന്നാക്ക വിഭാഗങ്ങളെ ബാധിക്കുന്ന കേസില്‍ മുതിര്‍ന്ന അഭിഭാഷകനെ നിയോഗിക്കാനാണു സര്‍ക്കാര്‍ നിര്‍ദേശം. സര്‍ക്കാരിനുവേണ്ടി അഡ്വ. ജയ്ദീപ് ഗുപ്ത ഹാജരാകും. തെരഞ്ഞെടുപ്പ് അടുത്തതു കണക്കിലെടുത്താണു സര്‍ക്കാര്‍ നിര്‍ദേശം. സര്‍ക്കാര്‍ പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇതു മുന്നോക്ക വിഭാഗത്തിന്റെ എതിര്‍പ്പിന് ഇടയാക്കുമെന്നതിനാല്‍, മറുപടി നല്കാന് കൂടുതല്‍ സമയം ചോദിക്കാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഒരിക്കല്‍ സംവരണാനുകൂല്യത്തില്‍ പി.എസ്.സി. നിയമനം ലഭിച്ചവര്‍ക്കു കെ.എ.എസിലും സംവരണം ലഭിക്കുന്നുണ്ട്. ഇങ്ങനെ സംവരണം അനുവദിക്കാമെന്ന അഡ്വക്കേറ്റ് ജനറലിന്റെയും അന്നത്തെ നിയമ സെക്രട്ടറിയുടെയും നിയമോപദേശം കണക്കിലെടുത്തായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇരുവരും സംവരണ വിഭാഗമായതിനാലാണ് ഇപ്രകാരം ശിപാര്‍ശ നല്‍കിയതെന്നായിരുന്നു ഹര്‍ജിക്കാരുടെ ആക്ഷേപം. കെ.എ.എസിലെ മൂന്നു സ്ട്രീമുകളില്‍ നേരിട്ടു നിയമനം ലഭിക്കുന്ന ഒന്നാം സ്ട്രീമിനു മാത്രം സംവരണം ബാധകമാക്കി സര്‍ക്കാര്‍ ആദ്യം ഉത്തരവിറക്കി.
എന്നാല്‍ പട്ടിക ജാതി/വര്‍ഗ, ഒ.ബി.സി. കമ്മിഷനുകളുടെ ശുപാര്‍ശ പ്രകാരം തസ്തികമാറ്റം വഴിയുള്ള സ്ട്രീം രണ്ടിലും മൂന്നിലും നേരിട്ടുള്ള നിയമനമാക്കി ചട്ടം ഭേദഗതി ചെയ്യുകയായിരുന്നു. ഒരിക്കല്‍ നിയമനം നേടിയവര്‍ക്കു രണ്ടാമതും സംവരണാനുകൂല്യം നല്കുന്നതു സംവരണത്തിന്റെ ഇരട്ട ആനകൂല്യവും നിയമ വിരുദ്ധവുമാണെന്നാണു ഹര്‍ജിക്കാരുടെ വാദം.
സര്‍വീസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നായിരുന്നു െഹെക്കോടതി ഉത്തരവ്. സര്‍വീസ് ചട്ടങ്ങളില്‍ പൊതുതാല്‍പ്പര്യം നിലനില്‍ക്കില്ലെന്നു കോടതി നിരീക്ഷിച്ചു. പൊതു വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥരാണു ചട്ടഭേദഗതി ചോദ്യം ചെയ്ത് െഹെക്കോടതിയെ സമീപിച്ചത്.






