
നെടുങ്കണ്ടം: രാജ്കുമാര് കസ്റ്റഡി മരണക്കേസില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ തീരുമാനം നീതി നടപ്പാക്കലിന്റെ ആദ്യപടിയെന്നു വിലയിരുത്തല്‍. സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച കസ്റ്റഡി മരണക്കേസ് ആദ്യമായി പൊതുജനമധ്യത്തില്‍ എത്തിച്ചത് ''മംഗളം'' ആയിരുന്നു. ഹരിത ഫിനാന്‍സ് തട്ടിപ്പ് ആദ്യം റിപ്പോര്‍ട്ട് ചെയ്തതും കസ്റ്റഡിയില്‍ ഇരിക്കെ പ്രതി രാജ്കുമാര് മരിച്ചതില്‍ സംശയം ഉയര്‍ത്തി മംഗളം വാര്‍ത്ത നല്‍കിയതുമാണ് വിഷയം നിയമസഭയില്‍ വരെ എത്തിച്ചത്. തുടര്‍ന്ന് സര്‍ക്കാര്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പിന്റെ നേതൃത്വത്തില്‍ കമ്മിഷനെ നിയോഗിക്കുകയായിരുന്നു.
ഈ കമ്മിഷന്റെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് മന്ത്രിസഭ പ്രതികളായ പോലീസുകാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. എന്നാല്‍ ക്രൈംബ്രാഞ്ച് പ്രതികളായി കണ്ടെത്തിയ ഏഴുപേരെയാണോ അതോ സി.ബി.ഐ. നല്കിയ കുറ്റപത്രത്തിലെ പ്രതികളായ ഒന്‍പത് പേരെയാണോ പിരിച്ചുവിടുന്നത് എന്നതില്‍ വ്യക്തതയില്ല. ആദ്യം ക്രൈബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസില്‍ ആറ് പോലീസുകാരും ഒരു ഹോംഗാര്‍ഡും ഉള്‍പ്പെടെ ഏഴ് പേരായിരുന്നു പ്രതികള്‍. എന്നാല്‍ സി.ബി.ഐ.സംഘം കോടതിയില്‍ നല്‍കിയിരിക്കുന്ന കുറ്റപത്രത്തില്‍ വനിത സിവില്‍ പോലീസ് ഓഫീസറായ ഗീതു ഗോപിനാഥ്, ഹെഡ് കോണ്‍സ്റ്റബിളായ ബിജു ലൂക്കോസ് എന്നിവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്.
ഇവര്‍ യഥാക്രമം ഒന്‍പതും എട്ടും പ്രതികളാണ്. ഇടുക്കി എസ്.പി.യായിരുന്ന കെ.ബി. വേണുഗോപാല്‍, ഡിെവെ.എസ്.പി.മാരായ പി.കെ. ഷംസ്, അബ്ദുല്‍ സലാം, പീരുമേട് ജയില്‍ അധികൃതര്‍, രാജ്കുമാറിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ എന്നിവരുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. ഇവര്‍ക്കെതിരെയുള്ള നടപടി ശിപാര്‍ശകളും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കിയിട്ടില്ല. സി.ബി.ഐ. സമര്‍പ്പിച്ച കുറ്റപത്രത്തില്‍ എസ്.ഐ. കെ.എ. സാബു തന്നെയാണ് ഒന്നാം പ്രതി. എ.എസ്.ഐ. സി.ബി. റെജിമോന്, പോലീസ് ഡ്രൈവര്‍മാരായ നിയാസ്, സജീവ് ആന്റണി, ഹോംഗാര്‍ഡ് കെ.എം. ജെയിംസ്, സിവില്‍ പോലീസ് ഓഫീസര്‍ ജിതിന്. കെ. ജോര്‍ജ്, എ.എസ്.ഐ. റോയി. പി. വര്‍ഗീസ് എന്നിവരാണ് രണ്ട് മുതല്‍ ഏഴ് വരെയുള്ള പ്രതികള്‍.
സാമ്പത്തികത്തട്ടിപ്പ് കേസില്‍ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്ത വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ്കുമാറിനെ (53) അനധികൃതമായി കസ്റ്റഡില്‍വച്ച് പീഡിപ്പിച്ചതാണ് മരണകാരണമെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്. 2019 ജൂണ്‍ 12 മുതല്‍ 15 വരെ രാജ്കുമാറിനെ പ്രതികള്‍ അനധികൃതമായി കസ്റ്റഡിയില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. സമാനതകളില്ലാത്ത പോലീസ് പീഡനമെന്നാണ് സംഭവത്തില്‍ സി.ബി.ഐ. വിശേഷണം. 2019 ജൂണ്‍ 15നാണ് രാജ്കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. റിമാന്‍ഡിലിരിക്കെ ജൂണ്‍ 21ന് പീരുമേട് സബ്ജയിലില്‍ രാജ്കുമാര് മരിച്ചു.
കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ രാജ്കുമാറിന്റെ ആദ്യ പോസ്റ്റുമോര്‍ട്ടത്തില്‍ പിഴവുകള്‍ ഏറെയുണ്ടായിരുന്നു. ഇത് ''മംഗളം'' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് ജുഡീഷ്യല്‍ കമ്മിഷന് വാഗമണ്ണിലെ കല്ലറ തുറന്ന് രാജ്കുമാറിന്റെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു. രണ്ടാമത്തെ പോസ്റ്റുമോര്‍ട്ടത്തില്‍ കസ്റ്റഡി മര്‍ദനത്തിന്റെ കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.






